oc

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണക്കാര്യത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് നിലപാട് ആരാഞ്ഞ് സുപ്രീംകോടതി നോട്ടീസ് അയച്ച പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഉടൻ സത്യവാങ്മൂലം സമർപ്പിക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്കി. സുപ്രീംകോടതിയുടെ മുമ്പാകെ ഗോവ ഫൗണ്ടേഷനും മറ്റ് 26 പേരും നല്കിയ പെറ്റിഷന്റെ അടിസ്ഥാനത്തിലാണ് കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് നോട്ടീസ്. പശ്ചിമഘട്ടത്തെയും ഈ പ്രദേശത്ത് കുടിയേറിയ കർഷകരെയും സംരക്ഷിക്കുകയെന്ന വ്യക്തമായ നിലപാടിന്റെ അടിസ്ഥാനത്തിൽ വേണം സത്യവാങ്മൂലം സമർപ്പിക്കാൻ. ലക്ഷക്കണക്കിന് കർഷകരേയും അവരുടെ ജീവിതോപാധിയേയും ബാധിക്കുന്ന ഗുരുതരമായ വിഷയമെന്ന നിലയിൽ അടിയന്തര പ്രാധാന്യത്തോടെ ഇത് കൈകാര്യം ചെയ്യണം. സംസ്ഥാന സർക്കാർ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ടിലെ ശുപാർശകൾ ഇതിനായി പരിഗണിക്കണം.

കസ്തൂരിരംഗൻ റിപ്പോർട്ടിൽ സാറ്റലൈറ്റ് മാപ്പിംഗിലൂടെ 123 വില്ലേജുകളെ മുഴുവൻ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചത് വലിയ തോതിലുള്ള പരാതികൾക്കും പരിഭ്രമത്തിനും വഴിയൊരുക്കിയതോടെയാണ് സംസ്ഥാനസർക്കാർ അന്ന് ഉമ്മൻ വി.ഉമ്മൻ കമ്മിറ്റിയെ വച്ചത്.