തിരുവനന്തപുരം: ഒരു ലക്ഷം രൂപയിൽ താഴെയുള്ള സ്റ്റാമ്പുകൾ ഇ- സ്റ്റാമ്പിംഗിലൂടെ നൽകാൻ സർക്കാർ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ നാലു ജില്ലകളിൽ സബ് രജിസ്ട്രാർ ഓഫീസുകൾക്കായി നിർമ്മിച്ച കെട്ടിടങ്ങളുടെ പ്രവർത്തനോദ്ഘാടനവും രണ്ട് ജില്ലകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവും വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുജനങ്ങൾക്ക് തടസമില്ലാതെ ഓൺലൈനിലൂടെ സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും ബി.എസ്.എൻ.എല്ലിന്റെ ഓപ്റ്റിക് ഫൈബർ കണക്‌ഷനുകൾ നൽകും. ആധാര രജിസ്‌ട്രേഷൻ നടപടികൾ ലളിതവും സുതാര്യവുമാക്കി രജിസ്‌ട്രേഷൻ ഓഫീസുകളെ കൂടുതൽ ജനസൗഹൃദമാക്കും. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിൽ 98 ലക്ഷം രൂപയും ഇടുക്കിയിലെ തോപ്രാംകുടിയിൽ ഒരു കോടി 28 ലക്ഷവും ഉടുമ്പൻചോലയിൽ ഒരു കോടി 31 ലക്ഷവും ആലപ്പുഴയിലെ മാരാരിക്കുളത്ത് രണ്ടുകോടി രൂപയും ചെലവിട്ടാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചത്.
വയനാട്ടിലെ മാനന്തവാടി, തൃശൂരിലെ തൃപ്രയാർ എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കുന്നത്. മന്ത്രിമാരായ ജി. സുധാകരൻ, എം.എം. മണി, എം.എൽ.എമാരായ പുരുഷൻ കടലുണ്ടി, ഗീതാ ഗോപി, ഒ.ആർ. കേളു, ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നിന്ന് പങ്കെടുത്തു.