l

കിളിമാനൂർ: ഒരു കാലത്ത് വീടുകളിൽ സമ്പന്നതയുടെ അടയാളമായിരുന്നു പശുവും പശുവളർത്തലും. ഇന്ന് പശു വളർത്തുന്നവർ അവയെ പരിപാലിക്കാൻ മറ്റു ജോലികൾക്ക് പോകേണ്ടിവരുന്ന ഗതിയാണുള്ളത്. കാലിത്തീറ്റ വില കൂടുന്നതും ഉത്പാദനച്ചെലവ് വർദ്ധിച്ചതും ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു.

നിരവധി കർഷകരാണ് ഇതുപേക്ഷിച്ച് മറ്റു തൊഴിൽ തേടി പോകുന്നത്. പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്ത കൈവരിക്കണമെന്ന് സർക്കാർ ലക്ഷ്യമിടുമ്പോഴും കാലിത്തീറ്റയുടെയും മറ്റു ഉത്പന്നങ്ങളുടെയും വില വർദ്ധനയ്ക്കനുസരിച്ച് സർക്കാരും മിൽമയും വിലയുടെ ചാർട്ടിൽ വ്യത്യാസം വരുത്തുന്നില്ല എന്ന അക്ഷേപമാണുള്ളത്. സർക്കാർ സംരംഭമായ കേരള ഫീഡ്സ്, മിൽമ തീറ്റ എന്നിവയ്ക്ക് വില കൂട്ടുന്നതനുസരിച്ച് സ്വകാര്യ കമ്പനികളും വില കൂട്ടുകയാണ്. ഇത്തരത്തിലുള്ള കാലിത്തീറ്റ, പരുത്തിപ്പിണ്ണാക്ക് എന്നിവയുടെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനം ഇല്ലാത്തതിനാൽ കർഷകർക്ക് ഗുണനിലവാരം ഇല്ലാത്ത കാലിത്തീറ്റകളാണ് ലഭിക്കുന്നതെന്ന അക്ഷേപവുമുണ്ട്. ക്ഷീര കർഷകരിൽ നിന്ന് ചെറുകിട സംഘങ്ങൾ വാങ്ങി പരിശോധിച്ചു ഉറപ്പുവരുത്തുന്ന ഗുണനിലവാരം ബി.എം.സികളിൽ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇക്കാരണത്താൽ ചെറുകിട സംഘങ്ങളുടെ നിലനില്പ് തന്നെ ചോദ്യചിഹ്നമാണ്. തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവും കച്ചിൽ, തീറ്റ എന്നിവയുടെ വിലക്കയറ്റവും കാരണം പശുവളർത്തലിൽ നിന്ന് കർഷകർ പിന്തിരിയുകയാണ്. ഇക്കണക്കിനായാൽ പൂർണമായും തമിഴ്നാട്ടിൽ നിന്നുള്ള പാലിനെ ആശ്രയിക്കേണ്ടി വരും.