killipalam

തിരുവനന്തപുരം: ആശങ്കയുടെ മുൾമുനയിൽ തുടരുന്ന തലസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ ആഘോഷിച്ച് ജനം തെരുവുകളിലേക്കിറങ്ങുന്നു. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നൽകി. കൊവിഡ് വ്യാപനം തുടർന്നാൽ നഗരം വീണ്ടും അടച്ചിടേണ്ടി വരുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.

ജില്ലയിൽ ഇന്നലെ 201 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ കൂടുതലും സമ്പർക്കം വഴിയാണ്.

രണ്ടുദിവസം മുമ്പാണ് നഗരത്തിൽ ഇളവുകളോടെ ലോക്ക് ഡൗൺ നീട്ടിയത്. ഇതിന് പിന്നാലെയാണ് രോഗികൾ വർദ്ധിച്ചത്. ഇളവുകളുണ്ടായിരുന്ന രണ്ടു ദിവസവും പതിവിൽ കൂടുതൽ തിരക്കാണ് നഗരത്തിലുണ്ടായത്. ബേക്കറികളിലടക്കം രാവിലെ മുതൽ ജനങ്ങളുടെ നീണ്ട നിരയായിരുന്നു. സാമൂഹിക അകലം പാലിക്കാത്ത മിക്കയിടങ്ങളിലും തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ടു.

അവശ്യ സാധനങ്ങൾ വിൽക്കുന്നതടക്കമുള്ള കടകൾ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെയും വെെകിട്ട് നാലു മുതൽ ആറു വരെയുമാണ് പ്രവർത്തിച്ചത്. സമയക്രമം പാലിക്കാത്ത കടകൾ പൊലീസ് അടപ്പിച്ചു. ഓഫീസുകളിലേക്കും പണി സ്ഥലത്തേക്കും അത്യാവശ്യ യാത്രകൾക്കും അനുവദിച്ച ഇളവുകളിലൂടെ പലരും ബൈക്കിലും കാറിലും വെറുതെ ചുറ്റിയടിച്ചു.

സെക്രട്ടേറിയറ്റുൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്. മരുന്നുകളും കുടുംബശ്രീ ഹോട്ടലുകളിൽ നിന്നുള്ള പാഴ്സലുകളും അല്ലാതെ ഒരു ഡെലിവറിയും അനുവദിച്ചില്ല. ആട്ടോ-ടാക്സി സർവീസ് നടത്തി.