തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ലാറ്റിന് തൊട്ടടുത്ത്, സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനും ഫ്ലാറ്റ്. സ്വപ്നയുടെ ഭർത്താവിന്റെ പേരിലാണ് ഫ്ലാറ്റ് വാടകയ്ക്കെടുത്തത്. സ്വർണക്കടത്തിന്റെ ആസൂത്രണം ഇവിടെ വച്ചായിരുന്നുവെന്ന് കസ്റ്റംസ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെത്തി.
സ്വർണക്കടത്ത് കേസിൽ സരിത്ത് കസ്റ്റംസിന്റെ പിടിയിലായ കഴിഞ്ഞ ഞായറാഴ്ച വരെ സ്വപ്ന ഈ ഫ്ലാറ്റിലുണ്ടായിരുന്നുവെന്നാണ് വിവരം. സെക്രട്ടേറിയറ്റ് കന്റോൺമെന്റ് ഗേറ്റിന് സമീപം നബാർഡിന് എതിർവശത്തുള്ള ഹെദർ ടവറിലെ എഫ്-6 എന്ന സിംഗിൾ ബെഡ് റൂം ഫ്ളാറ്റാണ് ശിവശങ്കർ ഉപയോഗിച്ചിരുന്നത്. ഫ്ലാറ്റിലെ കാമറാ ദൃശ്യങ്ങളും സിസി ടിവി കാമറാ ഹാർഡ് ഡിസ്കുകളും സന്ദർശക രജിസ്റ്ററും പിടിച്ചെടുത്ത് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വപ്നയുടെ ഫ്ലാറ്റിന്റെ വിവരങ്ങൾ കണ്ടെത്തിയത്. സ്വപ്നയും സരിത്തും സന്ദീപും ശിവശങ്കറിന്റെ ഫ്ലാറ്റിൽ നിത്യസന്ദർശകരായിരുന്നു. ശിവശങ്കർ രാത്രി ഒരു മണിയോടെ ഫ്ളാറ്റിലെത്തുകയും പിറ്റേന്ന് രാവിലെ പോവുകയും ചെയ്യുന്നത് കാമറാ ദൃശ്യങ്ങളിൽ വ്യക്തമാണ്. കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹം താമസത്തിനെത്തിയത്. 17,500 രൂപയായിരുന്നു വാടക.
ഈ കെട്ടിടത്തിലെ ഒരു നില റീ-ബിൽഡ് കേരളയ്ക്കായി വാടകയ്ക്കെടുത്തത് വിവാദമായിരുന്നു. 85ലക്ഷം ചെലവിട്ടാണ് ഓഫീസ് മോടിപിടിപ്പിച്ചത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സർക്കാർ നൽകിയ സ്ഥലത്ത് റിയൽഎസ്റ്റേറ്റ് കമ്പനിയുമായി ചേർന്ന് ബഹുനില ഫ്ലാറ്റ് പണിതെന്ന പരാതിയിൽ കെട്ടിടം ഉടമകൾക്കെതിരെ വിജിലൻസിൽ പരാതിയുണ്ടായിരുന്നു. ഇതിനു സമീപത്താണ് സ്വപ്‌ന ലെയ്സൺ ഓഫീസറായിരുന്ന ഐ.ടി വകുപ്പിന്റെ സ്ഥാപനം. അമ്പലമുക്കിലെ ഫ്ളാറ്റിനു പുറമെയാണ് സെക്രട്ടേറിയറ്റിനു സമീപത്തും സ്വപ്നയ്ക്ക് ഫ്ളാറ്റുള്ളത്.