തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ഏറ്രെടുത്തതോടെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിൽ. കമ്മ്യൂണിറ്രി കിച്ചണും കൊവിഡ് പ്രതിരോധവും നടത്തി ശോഷിച്ച നഗരസഭകൾക്ക് വാഗ്ദാനങ്ങൾ മാത്രമാണ് സർക്കാർ നൽകിയത്. കുറച്ച് പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങൾ സ്പോൺസർമാരെ കണ്ടെത്തിയിരുന്നു. തനത് - പ്ലാൻ ഫണ്ടുകളിൽ നിന്ന് പണം തരാമെന്നാണ് സർക്കാർ അറിയിച്ചിരുന്നതെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പറയുന്നു. ഇത് കൊടുക്കാതെ പുതിയ നിർദ്ദേശങ്ങളും ഉത്തരവും കൊണ്ടുവന്ന് ഫണ്ട് വെട്ടിക്കുറയ്ക്കുകയാണെന്നും പരാതിയുണ്ട്.
ട്രഷറിയിൽ നിന്ന് അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാമെന്ന് ഉത്തരവുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടേത് മടങ്ങുകയാണ്. മാറാത്ത ബില്ലുകൾക്ക് സ്പിൽ ഓവർ അനുവദിക്കാറുണ്ടായിരുന്നു. എന്നാലിപ്പോൾ ഈ തുക പുതിയ പദ്ധതിയിൽ നിന്ന് വെട്ടിക്കുറയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ വർഷം എസ്റ്റിമേറ്ര് ചെയ്ത് തുടങ്ങിയ പദ്ധതികൾക്ക് അധികമായി അനുവദിക്കുന്ന പണവും നിലവിലുള്ള പദ്ധതിയിൽ വെട്ടിക്കുറയ്ക്കുകയാണ്. കേന്ദ്ര ധനകമ്മിഷന്റെ പദ്ധതികൾ നടപ്പാക്കാനും സംസ്ഥാന സർക്കാർ ഇടപെടുന്നുണ്ട്. കുടിവെള്ളം, ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയ്ക്കായി 50 ശതമാനം ചെലഴിക്കണമെന്നാണ് പുതിയ നിബന്ധന. 50 ശതമാനമേ മറ്രു പദ്ധതികൾക്കുണ്ടാവൂ. ധനകാര്യ കമ്മിഷൻ വിഹിതത്തിൽ നിന്ന് പ്രവർത്തനം തുടങ്ങിയവയ്ക്ക് പകരം പണം നൽകില്ല.
കണക്കുകൾ ഇങ്ങനെ (കോടിയിൽ)
സർക്കാർ തയ്യാറാക്കിയ പദ്ധതി വിഹിതം- 7109.51
ഇതിൽ പൊതുവിഹിതം- 3264.45
ട്രൈബൽ സബ് പ്ലാൻ- 183
എസ്.സി.പി- 1221.15
ധനകാര്യ കമ്മിഷൻ- 2440.8
ഇതുവരെ ചെലവ്- 1618.76
'കഴിഞ്ഞ വർഷം ക്യൂ ആയ 1068 കോടി രൂപ ഈ വർഷത്തെ പദ്ധതിയിൽ നിന്ന് വെട്ടിക്കുറച്ചു. ധനകാര്യ കമ്മിഷൻ വിഹിതമായ 2412 കോടിയും വെട്ടിക്കുറച്ചു. പദ്ധതി വിഹിതമായ 7158 കോടിയിൽ സർക്കാർ നൽകുന്നത് 3678 കോടി മാത്രമാണ്".
- കെ.സി.ജോസഫ്, മുൻ മന്ത്രി
'ലൈഫ് പദ്ധതിയിലെ പി.എം.എ.വൈ (അർബൻ) വിഹിതം മൂന്ന് ലക്ഷത്തിൽ നിന്ന് നാലാക്കുകയും, ഗുണഭോക്തൃ വിഹിതമായ അരലക്ഷം ഒഴിവാക്കുകയും ചെയ്തപ്പോൾ അധിക ബാദ്ധ്യതയായ ഒന്നര ലക്ഷം ഉൾപ്പെടെ രണ്ട് ലക്ഷം രൂപ നഗരസഭകളുടെ ചുമലിലായി. ഹഡ്കോയിൽ നിന്ന് വായ്പയെടുത്ത് 7 വർഷം കൊണ്ട് അടയ്ക്കേണ്ട ഈ തുക നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്നാണ് കുറയുന്നത്".
- സി.കൃഷ്ണകുമാർ, പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി