വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിലെ 3, 21, 22 വാർഡുകളെ കണ്ടെയ്‌മെന്റ് സോണിൽ നിന്ന് ഒഴിവാക്കിയെങ്കിലും പ്രദേശം ഇപ്പോഴും കൊവിഡ് ഭീതിയിൽ തന്നെ. കൊവിഡ് സ്ഥിരീകരിച്ച യുവതിയുടെ ഭർത്താവിന്റെയും കുടുംബത്തിന്റെയും പരിശോധന ഫലം നെഗറ്റീവായതിന് പിന്നാലെ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് പ്രദേശത്തെ കണ്ടെയ്‌മെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ പ്രദേശത്തെ പീലിംഗ് ഷെഡ് തൊഴിലാളികൾ നിരീക്ഷണത്തിലുള്ളതിനാൽ മുൻകരുതൽ നടപടികൾ തുടരണമെന്നാണ് നിർദേശം. അതേസമയം ചിലർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ പ്രദേശത്തെ കടകളെല്ലാം തുറന്നു പ്രവർത്തിച്ചെങ്കിലും കച്ചവടം പഴയപടിയാകാൻ ഇനിയും സമയമെടുക്കുമെന്നാണ് വ്യാപാരികൾ പറയുന്നു.ആവശ്യവസ്തുക്കളുടെ ലഭ്യത കുറവും പ്രദേശവാസികളെ അലട്ടുന്നുണ്ട്. മാസ്‌ക് ധരിച്ചാണ് ആളുകൾ പുറത്തിറങ്ങുന്നതെങ്കിലും സാനിറ്റെസർ സംവിധാനം മിക്ക വ്യാപാര സ്ഥാപനങ്ങളും ഇനിയും നടപ്പിലാക്കിയിട്ടില്ല.ഗതാഗത നിയന്ത്രണം നീക്കിയത്തോടെ ഇരുചക്രവാഹനങ്ങളെല്ലാം നിരത്തിലിറങ്ങി.മുനമ്പം ഹാർബർ തുറന്നു പ്രവർത്തിക്കുന്ന് വൈകും. പുതുതായി ആരെയും ഇവിടേക്കു കൊണ്ടുവരരുതെന്നാണ് നിലവിലെ തീരുമാനം. മറ്റു മേഖലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ രഹസ്യമായി മുനമ്പം മേഖലയിലേക്ക് എത്തിയേക്കുമെന്ന സൂചനയെ തുടർന്ന് പൊലീസും ആരോഗ്യ വകുപ്പും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. രഹസ്യമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കാൻ കടലോര ജാഗ്രതാസമിതിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.