തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവ് പ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അഞ്ചംഗ ഭരണസമിതിയിലേക്ക് സർക്കാർ പ്രതിനിധിയായി ആരെ നിയോഗിക്കണമെന്ന് പാർട്ടിതലത്തിലും മുന്നണിയിലും ചർച്ചചെയ്തശേഷമാവും തീരുമാനമെടുക്കുക. ദേവസ്വം ബോർഡുകളിലേതുപോലെ നിശ്ചിതകാലാവധി കഴിയുമ്പോൾ ഭരണസമിതി മാറുന്ന സംവിധാനമാണോ വിധിയിൽ നിർദേശിച്ചിരിക്കുന്നത് എന്നാണ് പ്രധാനമായും അറിയേണ്ടത്. അതല്ല, കാലാവധി കല്പിക്കാതെയുള്ള സ്ഥിരം ഭരണസമിതിയാണോ, അങ്ങനെയെങ്കിൽ, എന്തായിരിക്കണം നടപടിക്രമം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തണം. ഇക്കാര്യങ്ങളിൽ രാജകുടുംബത്തിന്റെ നിലപാടും നിർണായകമാണ്.
അഞ്ചംഗങ്ങൾ ഉൾപ്പെട്ട ഭരണസമിതിയിൽ തിരുവനന്തപുരം ജില്ലാ ജഡ്ജി (ചെയർമാൻ), രാജകുടുംബം നാമനിർദേശം ചെയ്യുന്ന അംഗം, സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്ന ഒരു അംഗം, കേന്ദ്ര സാംസ്കാരിക വകുപ്പ് ശുപാർശ ചെയ്യുന്ന ഒരാൾ, ക്ഷേത്രത്തിന്റെ മുഖ്യ തന്ത്രി എന്നിവരാണുണ്ടാവുക.
90 കോടിയുടെ പദ്ധതി
നിയന്ത്രണം ആർക്ക്?
പുതിയ ഭരണസമിതി വരുന്നതോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട ടൂറിസം വികസനത്തിന് കേന്ദ്രം അനുവദിച്ച 90 കോടി രൂപയുടെ സ്വദേശ് ദർശൻ പദ്ധതിയുടെ നിയന്ത്രണം ആർക്കെന്ന കാര്യത്തിൽ അവ്യക്തത.
പദ്ധതിയുടെ പൂർത്തിയായ ഭാഗം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തെങ്കിലും ഒട്ടേറെ നിർമ്മാണ പ്രവർത്തനങ്ങൾ ബാക്കിയുണ്ട്.
പണം കേന്ദ്രത്തിന്റേതാണെങ്കിലും പദ്ധതി നടപ്പാക്കുന്നത് സംസ്ഥാന ടൂറിസം വകുപ്പാണ്. ക്ഷേത്രഭരണത്തിന് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ ഐ.എ.എസുകാരനാണ് ഇതിന്റെ ചുമതല നൽകിയിരുന്നത്.
എന്നാൽ, പുതിയ ഭരണസമിതിയുടെ കീഴിലാവും പുതിയ എക്സിക്യൂട്ടീവ് ഓഫീസർ. അദ്ദേഹം സർക്കാരുദ്യോഗസ്ഥനാകാനിടയില്ല. ടൂറിസം വകുപ്പ് പദ്ധതിയുടെ നിയന്ത്രണം വിട്ടുകൊടുക്കാൻ സാദ്ധ്യതയില്ല.
കമന്റ്
വിധിപകർപ്പ് ലഭിച്ചിട്ടില്ല, സർക്കാരിന്റെ പ്രതിനിധിയെ ചുമതലപ്പെടുത്തുന്നതിന് മുൻപ് വിധി വ്യക്തമായി പരിശോധിക്കും. സുപ്രീംകോടതി എന്താണോ പറയുന്നത് അത് നടപ്പിലാക്കും.
-കടകംപള്ളി സുരേന്ദ്രൻ
മന്ത്രി