പാറശാല: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പാറശാല ഗ്രാമപഞ്ചായത്ത് കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പടുത്തിയതായി കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. തമിഴ്‌നാടിനോട് അതിർത്തി പങ്കിടുന്ന പാറശാല പഞ്ചായത്തിൽ ദിനംപ്രതി രോഗികളുടെ എണ്ണം കൂടി വന്നതിനെ തുടർന്നാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് എത്തിയത്. നടപടിയനുസരിച്ച് പഞ്ചായത്തിലെ 23 വാർഡുകളിലും ജനസഞ്ചാരം ഉൾപ്പെടെയുള്ളവയ്ക്ക് കർശന നിയന്ത്രണം. മെഡിക്കൽ സ്റ്റോറുകൾ ഒഴികെയുള്ള അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 11 വരെ മാത്രമേ പ്രവർത്തിക്കൂ. തമിഴ്‌നാടിന്റെ തീരദേശ മേഖലയായ തൂത്തൂരിൽ രോഗം വ്യാപിച്ചത് പൊഴിയൂരിന് ഭീഷണിയായി മാറിയെങ്കിലും ശക്തമായ നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും സ്വീകരിച്ചതിനാൽ രോഗ വ്യാപനം തടയാനായി. തമിഴ്നാടിനാൽ ചുറ്റപ്പെട്ട അയ്ങ്കാമം, ഇഞ്ചിവിള, നടുത്തോട്ടം, നെടുവൻവിള, മുര്യങ്കര, പാറശാല ടൗൺ, പവതിയാൻവിള,പെരുവിള, പുല്ലൂർക്കോണം തുടങ്ങിയ വാർഡുകളിലായി നിരവധി പേർക്ക് ഇതിനകം തന്നെ രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നത് കാരണം മെഡിക്കൽ കോളേജിൽ നിന്നെത്തിയ വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയിൽ രോഗലക്ഷണങ്ങളുള്ള നിരവധി പേരെ കണ്ടെത്തി ചികിത്സയ്ക്കയച്ചു. മറ്റുചിലരെ ക്വാറന്റൈനിൽ തുടരാനും നിർദ്ദേശിച്ചു. അയ്ങ്കാമത്ത് പുതുതായി കണ്ടെത്തിയ ഒരു അമ്മയും കുഞ്ഞും ഉൾപ്പെടെ ആറ് പേരും, നെടുവാൻവിളയിൽ കണ്ടെത്തിയ ഗ്യാസ് ഏജൻസിയിലെ തൊഴിലാളികളായ നാല് പേരും, രണ്ട് ആട്ടോറിക്ഷാ ഡ്രൈവർമാരും, മൂന്ന് ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. അയ്ങ്കാമത്തിനു സമീപത്തെ ഇഞ്ചിവിള വാർഡിൽ ഇതിനകം തന്നെ പത്തോളം പേർക്ക് രോഗം പിടിപെട്ടിട്ടുണ്ട്. കൂടാതെ പാറശാല പഞ്ചായത്തിലെ നടുത്തോട്ടം,നെടുവാൻവിള, പവതിയാൻവിള,പെരുവിള,വാർഡുകളിലും രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്താൻ കഴിഞ്ഞു. തമിഴ്‌നാട്ടിൽ എത്തിയ രോഗികളെ ചികിത്സിച്ചത് കാരണം പാറശാലയിലെ സർക്കാർ ആശുപത്രി ഉൾപ്പെടെ നാല് ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റി. ഈ ആശുപത്രികളിൽ ചികിത്സ തേടിയ നിരവധി പേരെ ക്വാറന്റൈനിലയച്ചു. ഓരോരുത്തരും കൂടുതൽ ജാഗ്രത പാലിക്കേണ്ട ആവശ്യം നിലനിൽക്കെ തന്നെ ഓരോ പ്രദേശത്തും രോഗം സ്ഥിരീകരിക്കുന്നതോടെ ആ മേഖലയിലെ ജനജീവിതം കൂടുതൽ സമ്മർദ്ദത്തിലാവുകയാണ്.
നിയന്ത്രണത്തിലായത് 23 വാർഡുകൾ
കടകളുടെ പ്രവർത്തനം 11വരെ (മെഡിക്കൽ സ്റ്രോറുകൾ ഒഴികെ)