kt-jaleel

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നയെ ഫോണിൽ വിളിച്ചത് റംസാൻ റിലീഫായി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. നാലുവർഷം കൊണ്ട് അമ്പതോളം തവണ വിളിച്ചിട്ടുണ്ട്. സ്വപ്നയുടെ ഫോണിലെ കാൾ ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

യു.എ.ഇ കോൺസൽ ജനറലിന്റെ എക്സിക്യുട്ടീവ് സെക്രട്ടറി എന്ന നിലയിലാണ് സ്വപ്നയെ വിളിച്ചത്. എല്ലാവർഷവും റംസാനിൽ കോൺസുലേറ്റ് ഭക്ഷ്യകിറ്റ് വിതരണം ചെയ്യാറുണ്ട്. ഇത്തവണ ലോക്ക്ഡൗൺ ആയതിനാൽ നടത്താനായില്ല. മേയ് 27ന് യു.എ.ഇ കോൺസൽ ജനറൽ കിറ്റ് വിതരണത്തിന് സന്നദ്ധതയറിയിച്ച് സന്ദേശമയച്ചു. കൺസ്യൂമർ ഫെഡിൽ നിന്ന് ശേഖരിക്കാമെന്ന് പറഞ്ഞപ്പോൾ, സ്വപ്ന ബന്ധപ്പെടുമെന്ന് മറുപടി തന്നു. അതനുസരിച്ചാണ് സ്വപ്നയെ വിളിച്ചത്. ആയിരത്തോളം കിറ്റുകൾ

എടപ്പാൾ, തൃപ്പങ്ങോട് പഞ്ചായത്തുകളിൽ വിതരണം ചെയ്തു. എടപ്പാൾ കൺസ്യൂമർഫെഡാണ് കോൺസുലേറ്റിലേക്ക് ബിൽ അയച്ചത്. ബിൽതുക വൈകിയെന്ന് കൺസ്യൂമർഫെഡ് പരാതി പറഞ്ഞപ്പോഴും സ്വപ്‌നയെ വിളിച്ചു. ബിൽ വേഗം കിട്ടാനാണ് ഗൺമാൻ വിളിച്ചത്. ഗൺമാൻ എന്തിനാണ് പ്രതി സരിത്തിനെ വിളിച്ചതെന്ന് അറിയില്ലെന്നും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.