തിരുവനന്തപുരം: നാളെ നടക്കുന്ന എൻജിനിയറിംഗ് പ്രവേശന പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1,10,250 പേരാണ് പരീക്ഷ എഴുതുന്നത്. മുംബയ്, ദുബായ് എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. ഡൽഹിയിലെ കേന്ദ്രത്തിന് അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ ഫരീദാബാദിലെ ജെ.സി.ബോസ് യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയാണ് കേന്ദ്രം. അന്യസംസ്ഥാനക്കാരായ വിദ്യാർത്ഥികൾക്ക് ഇ-ജാഗ്രത പോർട്ടൽ വഴി ഷോർട്ട് വിസിറ്റ് പാസ് നൽകും.

തിരുവനന്തപുരത്ത് കൊവിഡ് സൂപ്പർ സ്‌പ്രെ‌ഡ് മേഖലകളിൽ നിന്നുള്ള 70 കുട്ടികൾക്ക് വലിയതുറ സെന്റ് ആന്റണീസ് എച്ച്.എസാണ് പരീക്ഷാ കേന്ദ്രം.

കെ.എസ്.ആർ.ടി.സി രാവിലെയും വൈകിട്ടും സ്പെഷ്യൽ ബസുകൾ ഓടിക്കും. പ്രധാന റൂട്ടുകളല്ലാത്ത സ്ഥലത്ത് ബസ് വേണമെന്നുള്ളവർ ബസ് ഓൺ ഡിമാൻഡ് പ്രകാരം കെ.എസ്.ആർ.ടി.സിയുടെ അതാത് ഡിപ്പോകളുമായി ഇന്ന് വൈകിട്ട് 5നകം ബന്ധപ്പെടണം. കുറഞ്ഞത് 20 കുട്ടികളുണ്ടെങ്കിൽ ആ റൂട്ടുകളിൽ ബസ് ഓടിക്കും.

പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കും. സുരക്ഷാക്രമീകരണങ്ങൾക്ക് 3000 സന്നദ്ധ സേനാപ്രവർത്തകരെ നിയോഗിക്കും. ഇതര സംസ്ഥാനക്കാരായ വിദ്യാർത്ഥികൾക്കും ക്വാറന്റൈനിൽ നിന്നെത്തുന്ന കുട്ടികൾക്കും പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക മുറികൾ ഒരുക്കും.

കളർ പ്രിന്റ് നിർബന്ധമല്ല

ഹാൾ ടിക്കറ്റിൻെറ കളർ പ്രിന്റ് നിർബന്ധമല്ലെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു. ഹാൾ ടിക്കറ്റിൻെറ പകർപ്പ് മതി. പ്രിന്റ് എടുക്കാൻ കഴിയാത്തവർ ആധാർ കാണിച്ചാലും മതി. കുട്ടികളുമായി വരുന്ന വാഹനത്തിൽ പ്രവേശന പരീക്ഷ എന്ന് എഴുതി ഒട്ടിച്ചിരിക്കണം.