തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക വായ്പാ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. കൊവിഡ് പ്രതിസന്ധി നേരിടുന്ന സ്റ്റാർട്ടപ് സംരംഭകർക്കായി കെ.എഫ്.സിയും സ്റ്റാർട്ടപ് മിഷനും ചേർന്ന് നടത്തിയ വെബിനാറിലാണ് പ്രഖ്യാപനം. 2300 സ്റ്റാർട്ടപ്പുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മൂലധനത്തിന്റെ അഭാവമാണ്. ഇതിന് പരിഹാരമായാണ് പരമാവധി 2.5 കോടി രൂപ വരെ 9.5 ശതമാനം പലിശയ്ക്ക് ലഭ്യമാക്കുന്നത്. സർക്കാർ, അർദ്ധ സർക്കാർ, പ്രമുഖ കോർപറേറ്രുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വർക്ക് ഓർഡ‌ർ ഉള്ളവർക്കാണ് വായ്‌പാ സൗകര്യം. ഇവർക്ക് പർച്ചേസ് ഓർഡറുകൾ പെട്ടെന്ന് ഡിസ്കൗണ്ട് ചെയ്‌ത് പണം നൽകും. കെ.എഫ്.സി സി.എം.ഡി സഞ്ചയ് കൗൾ, എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ്, കേരള സ്റ്രാർട്ടപ് മിഷൻ സി.ഇ.ഒ സജി ഗോപിനാഥ്, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ.ജെ. ജോസഫ്, മൈസോൺ ആൻഡ് മലബാർ എയ്ഞ്ചൽ ചെയർമാൻ ഷൈലൻ സുഗുണൻ, യുണീക്കോൺ ഇന്ത്യ വെഞ്ചേഴ്സ് മാനേജിംഗ് പാർട്ണർ അനിൽ ജോഷി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.