car

തിരുവനന്തപുരം: ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിച്ച് ഓടിക്കാവുന്ന വാഹനങ്ങൾ നിരത്തിലിറക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി.

ഗതാഗത വകുപ്പിന് കീഴിലെ ശ്രീചിത്ര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗും അനർട്ടും ചേർന്ന് തയ്യാറാക്കിയ പൈലറ്റ് പദ്ധതിയുടെ റിപ്പോർട്ടാണ് വിദഗ്ദ്ധ സമിതി പരിശോധിച്ച ശേഷം അനുമതി നൽകിയത്. പദ്ധതിക്കായി സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചിരുന്നു. വാഹനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കണമെന്നും പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്സ് സേഫ്ടി ഓർഗനൈസേഷന്റെ (പി.ഇ.എസ്.ഒ) സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കേന്ദ്രം നിർദ്ദേശിച്ചു. അനുമതി ലഭിച്ചതോടെ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

ഹൈഡ്രജൻ വാഹനങ്ങൾ നിർമ്മിക്കാൻ കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രസർക്കാരും പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി കേന്ദ്ര വൈദ്യുത മന്ത്രാലയത്തിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി.) ആഗോള താത്പര്യപത്രം ക്ഷണിച്ചിരുന്നു. ‌ഡൽഹിയിലും ലഡാക്കിലും പത്തുവീതം കാറുകളും ബസുകളും ഇറക്കാനായിരുന്നു പദ്ധതി. ടൊയോട്ട, ഹ്യുണ്ടായി, ഹോണ്ട എന്നീ കമ്പനികൾ മൂന്നുവർഷംമുമ്പ് ഹൈഡ്രജൻ കാറുകൾ പുറത്തിറക്കിയിരുന്നു.

ജൈവമാലിന്യത്തിൽ നിന്നും ഹൈഡ്രജൻ

ഹൈഡ്രജൻ ഫ്യുവൽ സെൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വാഹനങ്ങൾക്ക് ഇന്ധനക്ഷമത കൂടുതലായിരിക്കും. എൽ.എൻ.ജി, വെള്ളം, ജൈവ മാലിന്യം എന്നിവയിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന പദ്ധതിയാണ് കേരളം സമർപ്പിച്ചത്.

നിലവിൽ കൊച്ചി പി.പി.സി.എല്ലിൽ എൽ.എൻ.ജിയിൽനിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നുണ്ട്.

മാലിന്യത്തിൽനിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കാവുന്ന സാങ്കേതി വിദ്യ ഐ.ഒ.സിക്കുമുണ്ട്.

ഈ രണ്ട് സ്ഥാപനങ്ങളുടെ പങ്കാളിത്തം സംസ്ഥാനം തേടിയിട്ടുണ്ട്‌

പ്രവർത്തനം

ഹൈഡ്രജനും ഓക്സിജനും ചേർന്നു നടക്കുന്ന രാസപ്രവർത്തനത്തിന്റെ ഫലമായാണ് ഊർജം ഉത്പാദിപ്പിക്കപ്പെടുന്നത്. പുകയ്ക്കു പകരം വെള്ളമായിരിക്കും പുറംതള്ളുക.