coronavirus

വെള്ളറട: അതിർത്തി,​ മലയോര പഞ്ചായത്തുകളിലും സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം. ഗ്രാമങ്ങൾ അതീവ ജാഗ്രതയിലേക്ക്. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ ഇന്നലെ സമ്പർക്കത്തിലൂടെ എട്ടോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ആനാവൂർ, കോരണംകോട്, കോട്ടയ്ക്കൽ, പാലിയോട്, അരുവിയോട് എന്നീ വാർഡുകളെ അതീവ ജാഗ്രത വാർഡുകളായി മാറ്റിയിറ്റുണ്ട്. നാലു ദിവസം മുമ്പ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുറുവാട് സ്വദേശി (70) ​യുടെ കുടുംബാംഗങ്ങളായ എട്ടുപേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 150 ഓളം പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇതിനു പുറമെ കൊവിഡ് സ്ഥിരീകരിച്ച മറ്റുള്ളവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരുന്നതേയുള്ളു. എള്ളുവിളയ്ക്കു സമീപത്തു നിന്നു കാട്ടാക്കടയിലേക്ക് താമസം മാറിപ്പോയ പുരോഹിതന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇയാളുടെ യാത്ര അയപ്പിന് പങ്കെടുത്ത 48 പേരെ നിരീക്ഷണത്തിലാക്കി. ആലത്തൂരിൽ കൊവിഡ് സ്ഥിരീകരിച്ച നഴ്സിന്റെ സമ്പർക്ക പട്ടികയിലെ 200 ഓളം പേർ നിരീക്ഷണത്തിലാണ്. പാറശാല പഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന കുന്നത്തുകാലും കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വെള്ളറട പഞ്ചായച്ചിലും കടുത്ത നിയന്ത്രണങ്ങൾ വരാൻ സാദ്ധ്യതയുണ്ട്. അവശ്യ വ്യാപാര സ്ഥാപനങ്ങൾ മാത്രം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിപ്പിക്കാനുള്ള തീരുമാനവും ഉണ്ടാകുമെന്നാണ് പ്രാധമിക വിവരം.

 പാറശാല നിയോജക മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും സമൂഹ വ്യാപനത്തിന്റെ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കാൻ ശ്രദ്ധിക്കണം. രോഗികൾ ഏറെയുള്ള പഞ്ചായത്തുകളിലും അതിർത്തിയിലും അതീവ ജാത്രത തുടരാനും നടപടികൾ എടുത്തിട്ടുണ്ട്. -സി.കെ ഹരീന്ദ്രൻ എം.എൽ.എ