കാസർകോട്: സ്വകാര്യവ്യക്തിയുടെ പറമ്പിൽ അനധികൃതമായി കൂട്ടിയിട്ട മണൽ റവന്യൂ ഉദ്യോഗസ്ഥർ പിടികൂടിയതിന്റെ തുടർച്ചയായി വീടുകയറി ആക്രമണം. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കണ്ണാടിപ്പാറ കിദക്കാറിലെ മുഹമ്മദ് നിഷാദ് (30), കണ്ണാടിപ്പാറയിലെ ജാഫർ സാദിഖ് (26) എന്നിവർക്ക് നേരെയായിരുന്നു അക്രമം.
ഇരുവരെയും കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ജോഡ്ക്കല്ല് മടന്തൂറിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂട്ടിയിട്ട മണൽ മഞ്ചേശ്വരം തഹസിൽദാർ ആന്റോയുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. മണൽ കൂട്ടിയിട്ട വിവരം റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചുവെന്നാരോപിച്ചാണ് തങ്ങളെ ആക്രമിച്ചതെന്ന് നിഷാദും സാദിഖും പറയുന്നു.
നിഷാദിന്റെ സഹോദരന്റെ വീട്ടിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ പത്തോളം വരുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മടന്തൂർ പുഴയിൽ നിന്ന് വൻതോതിൽ മണൽകടത്തുകയാണെന്ന് വ്യാപകമായി പരാതിയുയർന്നതിനെ തുടർന്നാണ് പരിശോധന നടത്തിയത്. മണൽ പിന്നീട് സ്ഥലത്ത് വെച്ച് തന്നെ ഒരു ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. മഞ്ചേശ്വരം, കുമ്പള, ഉപ്പള, ഒളയം ഭാഗങ്ങളിൽ മണൽക്കടത്ത് സജീവമാണ്.