തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ എൻ.ഐ.എ അന്വേഷണം ചിലരിലേക്കെത്തുമ്പോൾ അവരിൽ ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്ന് നമുക്ക് കണ്ടറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഈ കേസിൽ ഒരു രാഷ്ട്രീയപ്പാർട്ടിക്കെതിരെയും ആരോപണമുന്നയിക്കാൻ താൻ തയാറായിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അന്വേഷണപരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉൾപ്പെടുത്താൻ നിർദ്ദേശിച്ചുകൂടേയെന്ന ചോദ്യത്തിന്, അന്വേഷണപരിധി ആരാണ് നിശ്ചയിക്കുന്നതെന്ന മറുചോദ്യമായിരുന്നു മറുപടി. അന്വേഷണ ഏജൻസി എല്ലാം വിശദമായി അന്വേഷിക്കുമല്ലോ. കൃത്യമായ അന്വേഷണം നടക്കുകയല്ലേ. പ്രതികൾ ആരെയെല്ലാം ബന്ധപ്പെട്ടിട്ടുണ്ടോ, അതെല്ലാം കണ്ടെത്തും. അന്വേഷണ ഏജൻസിയെ ദുർബോധനപ്പെടുത്താനും വഴി തെറ്റിക്കാനും നിങ്ങൾ പുറപ്പെടുന്നതെന്തിനാണ്? നിങ്ങൾ ആഗ്രഹിച്ച വഴിയിലേക്ക് ഏജൻസിയെ തിരിച്ചുവിടാൻ എന്തിന് ശ്രമിക്കണം? സമഗ്ര അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സ്ഥിതിക്ക് തിരിച്ച് കേന്ദ്രത്തിൽ നിന്ന് മറുപടിയുണ്ടായോയെന്ന് ചോദിച്ചപ്പോൾ, കേന്ദ്രത്തിൽ നിന്ന് തന്നെയാരും ബന്ധപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.