k-surendran

തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസിൽ പിണറായി സർക്കാർ കൂടുതൽ കുരുക്കിലാകുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറ‌ഞ്ഞു. സ്വപ്നയും സരിത്തും മന്ത്രി കെ.ടി.ജലീൽ ഉൾപ്പടെയുള്ളവരെ വിളിച്ചതിന്റെ ഫോൺ രേഖകൾ പുറത്തുവന്നതോടെ സ്വർണ കള്ളകടത്ത് സംബന്ധിച്ച് താൻ ഉന്നയിച്ച വിവരങ്ങളെല്ലാം ശരിയാണെന്നു തെളിയുകയാണ്. ഭരണതലത്തിൽ സ്വാധീനമുള്ള പലർക്കും ഈ കേസുമായി അടുത്ത ബന്ധമുണ്ട്. സ്വർണ കടത്തുകാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോൾ ആദ്യം വിളിയെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. സ്വപ്നസുരേഷിന്റെ പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നതും വ്യക്തമായിരിക്കുന്നു. ജൂണിൽ മാത്രം 10 തവണയാണ് ജലീൽ സ്വപ്നയുമായി ഫോണിൽ സംസാരിച്ചത്. കൂടാതെ എസ്.എം.എസ്സുകളുമുണ്ട്. ശിവശങ്കർ കേസിലെ പ്രധാന പ്രതി സരിത്തിനെ പലതവണ വിളിച്ചു.