തിരുവനന്തപുരം: യുവതിയെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി തട്ടിയെടുത്ത 70,700 രൂപ പൊലീസ് വീണ്ടെടുത്തു. എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് വെരിഫിക്കേഷനായി ബാങ്കിൽ നിന്നെന്ന വ്യാജേനയാണ് യുവതിയെ കബളിപ്പിച്ചത്. പൂജപ്പുര ആറാമട സൊസൈറ്റി റോഡിൽ താമസിക്കുന്ന യുവതിയാണ് തട്ടിപ്പിനിരയായത്. പൊലീസ് പറയുന്നത് ഇങ്ങനെ: എസ്.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥർ എന്ന വ്യാജേന യുവതിയുടെ മൊബൈലിലേക്ക് തട്ടിപ്പ് സംഘം ബന്ധപ്പെട്ടു. പുതുതായി എടുത്ത ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാനെന്നു പറഞ്ഞായിരുന്നു കാൾ. യുവതി ആദ്യം സംശയിച്ചെങ്കിലും അക്കൗണ്ട് നമ്പരിന്റെ ഏതാനും അക്കങ്ങളും പേരും, മറ്റ് വിവരങ്ങളും പറഞ്ഞ് യുവതിയെ ഇവർ വിശ്വസിപ്പിച്ചു. തുടർന്ന് സംഘത്തിന്റെ നിർദ്ദേശപ്രകാരം കാർഡ് നമ്പരും മറ്റു വിവരങ്ങളും ഇവർ കൈമാറി. പിന്നീട് 70,700/ രൂപ അക്കൗണ്ടിൽ നിന്നും പിൻവലിച്ചെന്ന സന്ദേശം വന്നപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് യുവതിക്ക് മനസിലായത്. തുടർന്ന് ഇവർ സൈബർ സെല്ലിന് വിവരം കൈമാറി. പിന്നാലെ വാലറ്റുകളുമായി ബന്ധപ്പെട്ട് തട്ടിച്ച ഭൂരിഭാഗം തുകയും പൊലീസ് വീണ്ടെടുത്തു. ബാങ്കുമായി ബന്ധപ്പെട്ട് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ബ്ലോക്ക് ചെയ്‌തു. പണം നഷ്ടപ്പെട്ടതായി സന്ദേശം വന്നയുടൻ അറിയിച്ചാൽ മാത്രമേ മിക്കവാറും ഓൺലൈൻ തട്ടിപ്പുകളിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ സാധിക്കുകയുള്ളൂവെന്നും കാർഡ് നമ്പറും ഒ.ടി.പിയും ആർക്കും കൈമാറരുതെന്നും സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞു.
സഹായങ്ങൾക്ക്
-------------------------
തിരുവനന്തപുരം നഗരപരിധിയിലുള്ളവർക്ക് എ.ടി.എം കാർഡ് / ബാങ്ക് അക്കൗണ്ടിൽ നിന്നും
ഇത്തരത്തിൽ പണം നഷ്ടപ്പെട്ടാൽ സൈബർ സെല്ലിലെ 9497975998 എന്ന നമ്പറിൽ ബന്ധപ്പെടാം