നെടുമങ്ങാട് :വട്ടപ്പാറ എസ്.യു.ടി ആശുപത്രിയിൽ കഴിയുന്ന കൊവിഡ് രോഗികളെ തെറ്റിദ്ധരിപ്പിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അറിയിച്ചു.ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ വ്യാഴാഴ്ച മുതൽ നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.നിലവിൽ 149 പേർ എസ്.യു.ടി കേന്ദ്രത്തിൽ കഴിയുന്നുണ്ട്.13 കുട്ടികളുമുണ്ട്.ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം രണ്ട് ബ്ലോക്കുകളിലായാണ് കിടക്കകൾ തയ്യാറാക്കിയിട്ടുള്ളത്. പരിമിതികൾ ജില്ലാ ഭരണകൂടത്തെ ധരിപ്പിച്ചിരിക്കെ, രോഗബാധിതരെ തെറ്റിദ്ധരിപ്പിച്ച് വർഗീയമായി വേർതിരിക്കാനും കബളിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചത് ഇതിന്റെ ഭാഗമാണ്. വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണമെന്നും വർഗീയ വേർതിരിവുകളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.