corona-virus

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗികളിൽ 95.8 ശതമാനത്തിനും കാര്യമായ ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പിൻെറ റിപ്പോർട്ട്. 3.6 ശതമാനം രോഗികൾക്ക് മിതമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. തീവ്രപരിചരണം ആവശ്യമായി വന്നത് ഒരു ശതമാനം രോഗികൾക്ക് മാത്രം. 0.6 ശതമാനത്തെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചതായും ആരോഗ്യ വകുപ്പിൻെറ ക്ലിനിക്കൽ മാനേജ്‌മെൻറ് റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് ബാധിതരിൽ 17 ശതമാനത്തിനും മറ്റ് ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു.
കൊവിഡ് അധികവും പിടികൂടിയത് ചെറുപ്പക്കാരെയാണ്. 55.6 ശതമാനം രോഗികൾക്കും 21നും 40നും ഇടയിലാണ് പ്രായം. ആകെ രോഗികളിൽ 4.4 ശതമാനം പത്തുവയസിൽ താഴെയുള്ളവരാണ്. 61 മുതൽ 70 വരെ പ്രായമുള്ളവർ 4.4 ശതമാനം. രണ്ട് ശതമാനം രോഗികൾ 71നും 80നും ഇടയിൽ പ്രായമുള്ളവരാണ്. രോഗികളിൽ 73.4 ശതമാനവും പുരുഷന്മാരാണ്. 26.6 ശതമാനം സ്ത്രീകൾ.