നെടുമങ്ങാട്: സ്കൂട്ടർ യാത്രക്കാരനായ തടിമില്ലുടമയെ ഇടിച്ചിട്ട ശേഷം നിറുത്താതെ പോയ ട്രക്ക് ഡ്രൈവറെ പൊലീസ് പിടികൂടി. തെങ്കാശി പാവൂർഛത്രത്തിൽ പൊൻരാജാണ് (45) അറസ്റ്റിലായത്. അപകടത്തിൽ മരിച്ച പഴകുറ്റിയിലെ തടിമില്ലുടമ മുഹമ്മദ് സാലിയുടെ (68) ബന്ധുക്കളും ആൾ കേരള സാമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളും റൂറൽ എസ്.പി അശോക് കുമാറിന് പരാതി നൽകിയിരുന്നു. എസ്.പിയുടെ നിർദ്ദേശാനുസരണം നെടുമങ്ങാട് സി.ഐ രാജേഷ്കുമാറും സംഘവും തെങ്കാശിയിൽ നിന്നാണ് ഡ്രൈവറെയും വാഹനത്തെയും പിടികൂടിയത്.
കഴിഞ്ഞ എട്ടിന് രാവിലെ പഴകുറ്റിയിൽ നിന്ന് വിതുര തോട്ടുമുക്കിലെ കുടുംബവീട്ടിലേക്ക് പോകുകയായിരുന്ന സാലിയെ ചുള്ളിമാനൂർ ടോൾ ജംഗ്ഷനും ചെറുവേലി റോഡിനും ഇടയിലുള്ള വളവിൽ വച്ചാണ് ട്രക്കിടിച്ചത്. സാലി റോഡിൽ വീഴുന്നത് സൈഡ് ഗ്ലാസിലൂടെ കണ്ടിട്ടും പൊൻരാജ് വാഹനം നിറുത്തിയില്ല. രക്തം വാർന്ന് ഏറെനേരം റോഡിൽ കിടന്ന സാലിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കഴക്കൂട്ടത്ത് പച്ചക്കറി വിറ്റശേഷം തെങ്കാശിയിലേക്ക് മടങ്ങുകയായിരുന്ന ട്രക്കാണ് അപകടമുണ്ടാക്കിയത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്നതിനാൽ സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളാണ് തുമ്പായത്. ആൾ കേരള സാമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ നെടുമങ്ങാട് താലൂക്ക് പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായിരുന്നു മുഹമ്മദ് സാലി. ആദ്യകാല തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റും ജമാഅത്ത് പ്രസിഡന്റുമായിരുന്ന എം. അബ്ദുൽ ഖനിയുടെ (എം.എ.കെ മുതലാളി) മൂത്ത മകനാണ്. അപകടമുണ്ടാക്കിയ ഡ്രൈവറെ പിടികൂടണമെന്നാവശ്യപ്പെട്ട് സംഘടനയുടെ ജില്ലാ സെക്രട്ടറി നെടുമങ്ങാട് അഖിലാ ശശികുമാറിന്റെ നേതൃത്വത്തിൽ ഉന്നതാധികൃതർക്ക് നിവേദനം നൽകിയിരുന്നു. നെടുമങ്ങാട് എസ്.ഐ സുനിൽഗോപി, ഗ്രേഡ് എസ്.ഐ വേണു, ജൂനിയർ എസ്.ഐ അനുരാജ്, സി.പി.ഒ സനൽരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.