തിരുവനന്തപുരം:വെള്ളയാണി കാർഷികകോളേജ് വിമെൻസ് ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നു മുങ്ങിയ നേമം സ്വദേശി 50കാരനെ എസ്റ്റേറ്റിലെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടി. കൊവിഡ് പോസിറ്റീവായ ഒരാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ഇയാൾക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരവും പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഇതുൾപ്പെടെ 17പേർക്കെതിരെയാണ് ക്വാറന്റൈൻ ലംഘിച്ചതിന് ഇതുവരെ കേസെടുത്തത്.

പുതുതായി കണ്ടെയ്ൻമെന്റ്‌ സോണുകളായി പ്രഖ്യാപിച്ച വെങ്ങാനൂർ,കോട്ടപ്പുറം,വിഴിഞ്ഞം,ഹാർബർ,വെള്ളാർ,തിരുവല്ലം എന്നീ വാർഡുകളിലേക്ക് കടന്നു വരുന്ന വഴികൾ പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു.തിരുവല്ലം പാലം,സ്റ്റുഡിയോറോഡ്, പൂങ്കുളം, മടത്ത് നട,തിരുവല്ലംപാച്ചല്ലൂർറോഡ്, വെള്ളാർ,വാഴമുട്ടംപാച്ചല്ലൂർ റോഡ്, ബീച്ച്‌റോഡ് ,അഴാകുളം,അഴാകുളം ജംഗ്ഷൻ കരിങ്കകാളി അമ്മൻകോവിൽറോഡ്, അംബേദ്കർ റോഡ്ബീച്ച്‌റോഡ്, അയ്യങ്കാളി ജംഗ്ഷൻ, തിയേറ്റർ ജംഗ്ഷൻ, വെങ്ങാനൂർ ജംഗ്ഷൻ,വിഴിഞ്ഞം ജംഗ്ഷൻ,ബസ് സ്റ്റാൻഡ് റോഡ്,ഡീസന്റ് മുക്ക്,തെന്നൂർകോണം,കോട്ടപ്പുറം,മുക്കോല, കിടാരക്കുഴി എന്നിവിടങ്ങൾ പൂർണമായും അടച്ചു. തിരുവല്ലം പാലം, വിഴിഞ്ഞം ജംഗ്ഷൻ,വാഴമുട്ടം ബൈപാസ്‌ റോഡ്, കിടാരക്കുഴി എന്നീ പരിശോധനാകേന്ദ്രങ്ങൾ വഴിയാണ് അവശ്യ സർവീസുകൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.


വിലക്ക് ലംഘിച്ച 94 പേർക്കെതിരെ കേസ്
17 വാഹനങ്ങൾ പിടിച്ചെടുത്തു
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 135പേർക്കെതിരെ കേസ്