തിരുവനന്തപുരം: എൻജിനിയറിംഗ്,​ ഫാർമസി പ്രവേശന പരീക്ഷ 'കീം 2020' നാളെ നടക്കാനിരിക്കുമ്പോൾ ആശങ്കയൊഴിയാതെ വിദ്യാർത്ഥികളും രക്ഷിതാക്കളും. ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ സുരക്ഷിതമായി പരീക്ഷയെഴുതാൻ പറ്റുമോയെന്ന പേടിയിലാണ് വിദ്യാർത്ഥികൾ. ജില്ലയുടെ ദൂരസ്ഥലങ്ങളിലുള്ളവർക്കും നഗരത്തിനകത്താണ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുള്ളത്. ഇവർക്ക് അതിരാവിലെ തന്നെ പുറപ്പെട്ടാലേ സമയത്ത് പരീക്ഷയ്ക്കെത്താൻ കഴിയൂ. കൊവിഡ് കേസുകൾ കൂടുതലുള്ള സ്ഥലത്തുനിന്നെത്തുന്ന വിദ്യാർത്ഥികൾക്കൊപ്പം പരീക്ഷയെഴുതേണ്ടി വരുമോയെന്ന ആശങ്കയുമുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവർക്കും കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ളവർക്കും പ്രത്യേക മുറികളിലാണ് പരീക്ഷ നടത്തുകയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രക്ഷിതാക്കളുടെ ആശങ്ക തീരുന്നില്ല. പൊതുഗതാഗത സൗകര്യം ഇല്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരും. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തുമെങ്കിലും സുരക്ഷയും സമയക്രമവും കണക്കിലെടുത്ത് എത്രപേർ ഇവ ഉപയോഗപ്പെടുത്തുമെന്നത് സംശയമാണ്. രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ നടക്കുന്നത്. രാവിലെ മുതലുള്ള ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവരേണ്ട സ്ഥിതിയുമുണ്ട്. എല്ലാ സുരക്ഷാ സംവിധാനങ്ങളും കൊവിഡ് മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ ആവർത്തിക്കുമ്പോഴും രക്ഷിതാക്കളുടെയും ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും പേടി അകന്നിട്ടില്ല.