തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസും ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസും (ഡി.ആർ.ഐ) ചോദ്യം ചെയ്യുന്നു.
വിമാനത്താവളത്തിലെ കാർഗോ ചുമതലയുള്ള കസ്റ്റംസ് അസി.കമ്മിഷണർ രാമമൂർത്തിയും രണ്ട് ഡി.ആർ.ഐ ഉദ്യോഗസ്ഥരും ഇന്നലെ ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഔദ്യോഗിക ബോർഡില്ലാത്ത വാഹനത്തിലാണ് ഇവരെത്തിയത്.
വൈകിട്ട് അഞ്ചിന് സെക്രട്ടേറിയറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസിൽ ശിവശങ്കർ ഹാജരായി. മാദ്ധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് പിൻവാതിലിലൂടെയായിരുന്നു ഇത്. സ്വർണ്ണക്കടത്തിന് ഏതെങ്കിലും രീതിയിൽ സഹായം നൽകിട്ടുണ്ടോ, പ്രതികളുമായുള്ള ബന്ധമെന്താണ്, ഗൂഢാലോചനയിൽ പങ്കുണ്ടോ, പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചോ തുടങ്ങിയ വിവരങ്ങളാണ് കസ്റ്റംസ് ചോദിച്ചറിയുന്നത്. പ്രതികളായ സ്വപ്നാ സുരേഷ്, സന്ദീപ്, സരിത്ത് എന്നിവർ സെക്രട്ടേറിയറ്റിനു സമീപത്തെ ശിവശങ്കറിന്റെ ഫ്ലാറ്റിൽ ഒത്തുകൂടിയാണ് ഗൂഢാലോചന നടത്തിയത്. കസ്റ്റഡിയിലുള്ള സരിത്തിൽ നിന്ന് ശിവശങ്കറിനെതിരായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വ്യക്തിപരമായ പല ആവശ്യങ്ങൾക്കും ശിവശങ്കറിന്റെ സ്വാധീനം പ്രതികൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.