തിരുവനന്തപുരം : തീരദേശ മേഖലയിൽ സൂപ്പർസ്‌പ്രെഡായി, നഗരത്തിൽ ആശങ്കയുണ്ടാക്കിയ കൊവിഡ് ഇപ്പോൾ നഗരരാതിർത്തി പിന്നിട്ട് ഗ്രാമമേഖലയിലേക്കും പിടിമുറുക്കിയതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ജില്ലയായി മാറി തിരുവനന്തപുരം. സമ്പർക്കത്തിലൂടെ 158 രോഗികളാണ് ജില്ലയിൽ ഇന്നലെ ഉണ്ടായത്. ഉറവിടം അറിയാതെ 19 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതെല്ലാം സമൂഹ വ്യാപനത്തിന്റെ തോത് ഉയർന്നതായാണ് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.10ന് 129 പേർക്ക് രോഗം സ്ഥിരീകരിച്ചതാണ് ഇതിനു മുമ്പുണ്ടായ ഏറ്റവും വലിയ പട്ടിക. അതിൽ 108 പേരും പൂന്തുറ, ചെറിയമുട്ടം അടക്കമുള്ള തീരദേശ മേഖലയിൽ നിന്നുള്ളവരായിരുന്നു. എന്നാൽ11ന് ആകെ രോഗികളുടെ എണ്ണം 69 ആയി കുറഞ്ഞു. തൊട്ടടുത്ത ദിവസം 40 ആയി വീണ്ടും കുറഞ്ഞു.

ഇന്നലെ സ്ഥിരീകരിച്ച രോഗികളിൽ മൂന്നിലൊന്നും മലയോര പഞ്ചായത്തുകളിലുള്ളവരാണെന്നത് ഏറെ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഒരു രോഗി മാത്രം ഉണ്ടായിരുന്ന പൂവച്ചലിൽ ഇന്നലെ 9 സമ്പർക്ക രോഗികളാണുണ്ടായത്. നേരത്തേ ഉള്ളതുകൂടാതെ ഇന്നലെ മാത്രം ജില്ലയിലെ രണ്ടു ഡസനിലധികം വാർഡുകളാണ് കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇന്നലെ സ്ഥിരീകരിച്ചതടക്കം 794 രോഗികളാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ ഏറ്റവും കൂടിയ പട്ടികയാണിത്.