കോവളം:തീരദേശമുൾപ്പെടെയുള്ള സ്ഥലങ്ങളിലെ കൊവിഡ് ചികിത്സയ്ക്കായി കോവളത്ത് താത്കാലിക ആശുപത്രി തുറന്നു. കോവളം സമുദ്ര ബീച്ചിലെ ജി.വി. രാജാ കൺവെൻഷൻ സെന്ററിനെയാണ് 32 കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റിയത്. തീരദേശത്ത് രോഗികൾ വർദ്ധിച്ചതിനെ തുടർന്ന് കൊവിഡ് ചികിത്സയ്ക്കായി അതത് പ്രദേശങ്ങളിൽ താത്കാലിക ആശുപത്രി
ഒരുക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തീരദേശ മേഖലയിലെ കൊവിഡ് ബാധിതരായ പുരുഷന്മാരെയാണ് ഇവിടെ ചികിത്സിക്കുക.പുല്ലുവിള,വിഴിഞ്ഞം,കോവളം മേഖലയിൽ നിന്നുള്ള കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങിയതായി അധികൃതർ പറഞ്ഞു.വിഴിഞ്ഞം സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർക്കാണ് സെന്ററിന്റ ചുമതല. വെങ്ങാനൂരിലും പുല്ലുവിളയിലും ഉടൻ താത്കാലിക ആശുപത്രികളൊരുക്കും. വെങ്ങാനൂരിലെ നീലകേശി ആഡിറ്റോറിയം കൊവിഡ് സെന്ററാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.