വാടാനപ്പിള്ളി: ബൈക്കിൽ എത്തിയ ആൾ വൃദ്ധനായ ലോട്ടറി വിൽപ്പനക്കാരന്റെ പണവും ലോട്ടറി ടിക്കറ്റുകളും കവർന്നു. തൃത്തല്ലൂർ ഇയ്യാനി വീട്ടിൽ പരമു (75) വിന്റെ പണവും ബുധനാഴ്ച നറുക്കെടുക്കുന്ന അക്ഷയ ഭാഗ്യക്കുറിയുടെ 60 ടിക്കറ്റുകളുമാണ് മോഷണം പോയത്. പരമു തൃത്തല്ലൂർ യു.പി സ്‌കൂളിന് മുമ്പിൽ ദേശീയ പാതയോരത്ത് മേശ വച്ചാണ് ജീവിതമാർഗമെന്നോണം ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുന്നത്. ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ ബൈക്കിൽ എത്തിയ ആൾ ഈ മാസം എട്ടിലെ ലോട്ടറി ടിക്കറ്റ് പരമുവിന് നൽകി റിസൽട്ട് നോക്കാൻ ആവശ്യപ്പെട്ടു. കണ്ണിന് കാഴ്ചക്കുറവുള്ള പരമു ലോട്ടറിയുടെ റിസൽട്ട് നോക്കുന്ന തക്കത്തിൽ ബൈക്കിൽ എത്തിയ ആൾ മേശപ്പുറത്ത് കവറിൽ ഉണ്ടായിരുന്ന 4500 രൂപയും ബുധനാഴ്ച നറുക്കെടുക്കുന്ന ടിക്കറ്റുകളുമായി കടന്നു കളയുകയായിരുന്നു. ചൊവ്വാഴ്ച വിൽപ്പന നടത്തിയ ടിക്കറ്റുകളുടെ പണമാണ് നഷ്ട്ടമായത്. ടിക്കറ്റ് വാങ്ങിയ കടക്കാരന് നൽകാൻ വച്ചിരുന്നതായിരുന്നു പണം. പരമു വാടാനപ്പിള്ളി പൊലീസിൽ പരാതി നൽകി.