പേരൂർക്കട: യുവാവിൽ നിന്ന് ഒരുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതി അറസ്റ്റിൽ. വട്ടിയൂർക്കാവ്, കൊടുങ്ങാനൂർ, കുലശേഖരം 'വിശാഖം"ത്തിൽ വാടകയ്ക്കു താമസിക്കുന്ന വിജയനാണ് (55) പിടിയിലായത്. ജൂലായ് ഏഴിനും 13നും ഇടയിലായിരുന്നു സംഭവം. കല്ലിയൂർ സ്വദേശി അനിലാണ് (30) പരാതിക്കാരൻ.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അനിലിന്റെ ഭാര്യ പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ അവിടെയെത്തിയ വിജയൻ അനിലുമായി ബന്ധം സ്ഥാപിച്ചു. അനിലിന്റെ സാമ്പത്തിക പ്രശ്‌നത്തെക്കുറിച്ചറിഞ്ഞ വിജയൻ 25 ലക്ഷം സഹായമായി നല്‍കാമെന്നും 10,000 രൂപ വച്ച് തിരിച്ചടച്ചാൽ മതിയെന്നും വിശ്വസിപ്പിച്ചു. ഇതിനായി തനിക്ക് ഒരു ലക്ഷം രൂപ നല്‍കണമെന്നും വിജയൻ പറഞ്ഞു.
പണം സ്റ്റാച്യുവിലുള്ള ബന്ധുവിന്റെ കൈയിലാണെന്നും അവിടേക്ക് പോകണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ഇരുവരും അനിലിന്റെ ടൂ വീലറിൽ സ്റ്റാച്യുവിലെത്തി. അവിടെവച്ച് അനിലിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയ വിജയൻ 25 ലക്ഷവുമായി ഉടൻ വരാമെന്നും കാത്തുനിൽക്കണമെന്നും പറഞ്ഞു. തുടർന്ന് മറ്റൊരിടത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ വിജയൻ കടന്നുകളഞ്ഞു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ അനിൽ പേരൂർക്കട പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷണത്തിൽ വിജയന് തമ്പാനൂർ ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ നടന്ന പണം തട്ടിപ്പു കേസുകളിൽ പ്രതിയാണെന്ന് മനസിലായി. പേരൂർക്കട ആശുപത്രി പരിസരത്തെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങളും ലഭിച്ചു. പേരൂർക്കട സി.ഐ വി. സൈജുനാഥ്, എസ്.ഐ സുനിൽ കുമാർ, ക്രൈം എസ്.ഐ സഞ്ചു ജോസഫ്, പൊലീസുകാരായ ഷംനാദ്, അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.