തിരുവനന്തപുരം: ഇന്ന് കർക്കടകം ഒന്ന്. രാമായണ പുണ്യം നിറയുന്ന മാസം. കഴിഞ്ഞ രണ്ട് കർക്കടങ്ങളിലും ജലം കൊണ്ട് മുറിവേറ്റ മലയാളി ഇപ്പോൾ കൊവിഡിനെ പേടിച്ച് കഴിയുകയാണ്. കൊവിഡ് സൃഷ്ടിച്ച വറുതിയുടെ പിടിയിലാണ് പാവങ്ങളും സാധാരണക്കാരും.
ഒഴിഞ്ഞ പത്തായങ്ങളിലും വെള്ളത്തിലാണ്ട വയലുകളിലും നോക്കാതെ വറുതിയെ നേരിടാൻ നമ്മുടെ പൂർവികർ കണ്ടെത്തിയ വഴിയായിരുന്നു രാമായണ ശീലുകളിലെ കാവ്യമനോഹാരിതയിലേക്കും അതുയർത്തുന്ന ആദർശങ്ങളിലേക്കുമുള്ള മുഴുകൽ. ഒപ്പം ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സയും. ഇന്നത്തെ കാലക്കേട് തീർക്കാനും പ്രാർത്ഥനയും ഔഷധസേവയും തന്നെ ശരണം. കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ ഏറ്റവും നിർണായകമായ മാസമാണിത്. ഈ മാസം കൊണ്ട് കൊവിഡ് വ്യാപനം നിയന്ത്രിച്ച് വരുതിയിലാക്കാനായാൽ ചിങ്ങത്തിൽ ആഹ്ലാദിക്കാനുള്ള വകകിട്ടുമെന്നാണ് ആരോഗ്യപ്രവർത്തകരുടെയും കണക്കുകൂട്ടൽ.
ആയുർവേദ വിധിപ്രകാരം കൃത്യമായ മരുന്ന് സേവിച്ച് അതിനു വേണ്ടുന്ന ഭക്ഷണ ക്രമം ശീലിച്ചാൽ രോഗ പ്രതിരോധശക്തി കൂടും.
''ക്ഷേത്രങ്ങളിൽ രാമായണ പാരായണം നടത്തുന്നതിൽ തടസമില്ല. കൃത്യമായ സാമൂഹ്യ അകലം പാലിക്കണമെന്നു മാത്രം''- കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം മന്ത്രി
വീട്ടിലിരുന്ന് രണ്ടാഴ്ച കർക്കടക ചികിത്സ
ആദ്യത്തെ ആഴ്ച
നസ്യം- ശരീരത്തിന്റെ രക്തയോട്ടം കൂട്ടുന്നതിനും തലച്ചോറിന് ഉന്മേഷമേകുന്നതിനും ശ്വസനപ്രക്രിയ സുഗമമാക്കുന്നതിനും നല്ലത്. വീട്ടിലിരുന്ന് നസ്യം ചെയ്യാൻ തുള്ളിമരുന്ന് ആയുർവേദ കടയിൽ കിട്ടും.
എണ്ണയിട്ട് മസാജ്- ഒരാളുടെ സഹായത്തോടെ ചെയ്യുന്നത് ഉത്തമം. സ്വന്തമായും ചെയ്യാം. ധന്വന്തരം കുഴമ്പാണ് നല്ലത്. തലയിൽ ഔഷധമിട്ട് കാച്ചിയ എണ്ണ. ഇല്ലെങ്കിൽ വെളിച്ചെണ്ണയിൽ കുരുമുളകും ജീരകവും ഇട്ട് കാച്ചിയാലും മതി. കുഴമ്പ് ഒരു മണിക്കൂർ പുരട്ടണം. കുളി ചെറുചൂടുവെള്ളത്തിലായിരിക്കണം.
വിരേചനം- ചെറിയ രീതിയിലുള്ള വയറിളക്കലാണിത്. അതിനുള്ള ഔഷധം ആയുർവേദ കടകളിൽ ലഭിക്കും.
രണ്ടാമത്തെ ആഴ്ച
പ്രഭാത ഭക്ഷണം കർക്കടകക്കഞ്ഞിയാക്കണം.
എണ്ണ തേച്ചുകുളി തുടരാം.
ഭക്ഷണത്തിൽ ഒഴിവാക്കേണ്ടത്- മാംസാഹാരം, കിഴങ്ങ് വർഗങ്ങൾ, എരിവ്, പുളി
കർക്കടകക്കഞ്ഞി തയ്യാറാക്കാൻ വേണ്ടത്- ഞവര അരി, ഉലുവ, ജീരകം, പെരുംജീരകം, അയമോദകം, ഏലയ്ക്ക, ചെറൂള, മഞ്ഞൾ, അരിവകയാറ്.
ഞവരഅരി ഒഴികെ ബാക്കിയല്ലാം പൊടിച്ചോ ചതച്ചോ ചേർക്കാം. അരിയുടെ അളവ് അനുസരിച്ച് മറ്റെല്ലാം ചേർക്കണം. കാൽകിലോ അരിയാണ് ഉപയോഗിക്കുന്നതെങ്കിൽ മറ്റെല്ലാം മൂന്നു ഗ്രാമും, ജീരകം ആറു ഗ്രാമും ചേർക്കണം. ശേഷം തിളപ്പിച്ച് കഞ്ഞിയാക്കി സേവിക്കാം.
(വിവരങ്ങൾ തന്നത് ഡോ.ഡി.ഷാനവാസ്, റിട്ട. ആയുർവേദ മെഡിക്കൽ ഓഫീസർ)