തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ മന്ത്രിസഭായോഗം നടക്കുന്നതിനിടെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുള്ളിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്രിൽ.
കുന്നുകുഴി സ്വദേശിയായ ബിജു, നേമം സ്വദേശി ലിബിൻ,പാലോട് സ്വദേശി ആന്റണി എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ പതിനൊന്നോടെ ട്രഷറിയുടെ വശത്തെ ഗേറ്റ് ചാടിക്കടന്നാണിവർ സെക്രട്ടേറിയറ്റ് വളപ്പിലേക്കെത്തിയത്. കൊവിഡ് നിയന്ത്രണം മൂലം സന്ദർശകർ കുറവായതിനാൽ സെക്രട്ടേറിയറ്റിൽ പൊലീസ് വിന്യാസവും കുറച്ചിരുന്നു. ഇത് മുതലെടുത്താണിവർ കൊടിയുമായി അകത്തുകടന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിലൂടെ മുദ്രാവാക്യം വിളിച്ച് നോർത്ത് ബ്ളോക്കിലെ മുഖ്യമന്ത്രിയുടെ ഒാഫീസിന് താഴെവരെ പ്രതിഷേധക്കാർ എത്തിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്. തുടർന്ന് പ്രതിഷേധക്കാരെ വളഞ്ഞിട്ട് പിടികൂടി കന്റോൺമെന്റ് സ്റ്റേഷനിലെത്തിച്ചു.
മന്ത്രിസഭായോഗം നടക്കുന്നതിനിടയിൽ സെക്രട്ടേറിയറ്റ് വളപ്പിൽ പ്രതിഷേധക്കാരെത്തിയത് വൻ സുരക്ഷാവീഴ്ചയായാണ് കണക്കാക്കുന്നത്. ഇതേ കുറിച്ച് അന്വേഷണം നടത്തും. പ്രതിഷേധക്കാർക്കെതിരെ മഹാമാരി നിയന്ത്രണ നിയമം, പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ. പൊതുനിയന്ത്രണ ലംഘനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അതേസമയം പിടിയിലായവരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി ആരോപണമുണ്ട്. ആന്റണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.