സംസ്ഥാനത്തെ രജിസ്ട്രേഷൻ ഓഫീസുകളെ കൂടുതൽ ജനസൗഹൃദമാക്കാൻ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജന്റെ പ്രഖ്യാപനം എത്രയും വേഗം സഫലമാകട്ടെ എന്നു പ്രാർത്ഥിക്കാം.
ഒരിക്കലെങ്കിലും സബ് രജിസ്ട്രേഷൻ ഓഫീസിൽ പോയിട്ടുള്ളവർക്കറിയാം അവിടത്തെ പരാധീനതകൾ. നിന്നുതിരിയാൻ ഇടമില്ലാത്തവയാണ് ഒട്ടുമിക്ക ഓഫീസുകളും. സർക്കാരിന് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന വകുപ്പുകളിലൊന്നായിട്ടും പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളിലാണ് വളരെയധികം രജിസ്ട്രേഷൻ ഓഫീസുകൾ പ്രവർത്തിക്കുന്നത്. സാധാരണക്കാർ മുതൽ കോടി പ്രഭുക്കൾ വരെ എത്തുന്ന സ്ഥലമാണത്. എന്നാൽ പണ്ടുകാലത്തെന്നോ തരമാക്കിയ സ്ഥാനഭ്രംശം വന്ന ഇരിപ്പിടങ്ങളൊഴിച്ചാൽ സേവനം തേടി എത്തുന്നവർക്കായി ഒരുവിധ സൗകര്യവും അവിടെ ഉണ്ടാകില്ല. പ്രമാണം ചെയ്യാനോ മറ്റ് സേവനങ്ങൾക്കായോ എത്തുന്നവർ ഊഴംകാത്ത് പുറത്ത് ദീർഘനേരം ഒരേ നില്പു നിൽക്കണം. ഓഫീസിനു മുന്നിൽ മരങ്ങളുണ്ടെങ്കിൽ അതിന്റെ തണൽ അഭയമാക്കാം. സർക്കാരിനുള്ള റവന്യൂ വിഹിതവുമായി എത്തുന്നവരായിട്ടും നിന്നു കാൽ കുഴഞ്ഞാലും ഒന്ന് ഇരിക്കാൻ പോലുമുള്ള സൗകര്യം ലഭിച്ചെന്നു വരില്ല. സംസ്ഥാനത്തെവിടെയും രജിസ്ട്രേഷൻ ഓഫീസുകളുടെ പൊതുവായ സ്ഥിതി ഇങ്ങനെയൊക്കെയായതു കൊണ്ടാണ് അവയുടെ മുഖം മിനുക്കാനും കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാനും നടപടി ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷ ഉളവാക്കുന്നത്.
കോഴിക്കോട്, ഇടുക്കി, ആലപ്പുഴ, വയനാട്, തൃശൂർ എന്നീ ജില്ലകളിലായി നാല് സബ് രജിസ്ട്രാർ ഓഫീസുകൾക്കായി നിർമ്മിച്ച പുതിയ നാലു കെട്ടിടങ്ങളുടെയും പുതുതായി നിർമ്മിക്കുന്ന രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണവും ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കവെയാണ് രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കാനുള്ള സർക്കാർ തീരുമാനം മുഖ്യമന്ത്രി അറിയിച്ചത്. ഒരുലക്ഷം രൂപയിൽ താഴെയുള്ള സ്റ്റാമ്പുകൾ വേണ്ട പ്രമാണങ്ങൾക്ക് ഇ - സ്റ്റാമ്പിംഗ് സമ്പ്രദായം കൊണ്ടുവരുന്നതിനെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. ഏറെനാളായി ആലോചനയിലുള്ള കാര്യമാണിത്. മുദ്രപ്പത്രങ്ങൾക്കായി അലയേണ്ടി വരുന്ന സ്ഥിതി ഇതുവഴി ഒഴിവാക്കാനാകുമെന്നതാണ് ഏറ്റവും വലിയ നേട്ടം. സബ് രജിസ്ട്രാർ ഓഫീസ് വഴി ലഭിക്കേണ്ട സേവനങ്ങളിൽ പലതും ഇപ്പോൾ ഓൺലൈൻ വഴി ലഭിക്കുന്നുണ്ട്. എന്നാൽ നെറ്റ് കണക്‌ഷൻ കൂടക്കൂടെ ഇല്ലാതാകുന്നതുൾപ്പെടെയുള്ള സാങ്കേതിക തടസങ്ങൾ കാരണം സേവനം പലപ്പോഴും ഉദ്ദേശിച്ച സമയത്ത് കിട്ടിയെന്നു വരില്ല. ഇതു പരിഹരിക്കാൻ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ കണക്‌ഷൻ ഏർപ്പാടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ആധാര രജിസ്ട്രേഷൻ നടപടി കൂടുതൽ ലളിതമാക്കുന്നതിനെക്കുറിച്ചും മുഖ്യമന്ത്രി പറയുകയുണ്ടായി. വേണമെന്നുള്ളവർക്ക് സ്വയം ആധാരം ചമയ്ക്കാനുള്ള അനുമതി നിലവിൽ ലഭ്യമാണ്. വിവിധ പ്രമാണങ്ങളുടെ മാതൃകകളും ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്. പരിചയക്കുറവും ആശങ്കയുമൊക്കെ ഉള്ളതിനാലാകാം അധികമാരും ഈ സൗകര്യം പ്രയോജനപ്പെടുത്തിക്കാണുന്നില്ല. ആധാരമെഴുത്ത് തൊഴിലായി സ്വീകരിച്ചിട്ടുള്ളവരെ ഏല്പിച്ച് നൂലാമാലകളിൽ നിന്നു ഒഴിവാകാനാണ് ആളുകൾക്കു താത്‌പര്യം.
രജിസ്ട്രേഷൻ ഓഫീസുകൾ മാത്രമല്ല സേവനം തേടി കൂടുതൽ പേർ എത്തുന്ന എല്ലാ സർക്കാർ ഓഫീസുകളും കാലാനുസൃതമായി നവീകരിക്കേണ്ടത് എത്രയും ആവശ്യമാണ്. പൊതുജനങ്ങളുടെ നികുതിപ്പണത്തിന്റെ ഒരു ഭാഗം ഇതിനായി ചെലവഴിക്കണം. നവീകരണ ജോലികൾ ഏറ്റെടുക്കുമ്പോൾ ജനങ്ങൾക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും കൂടുതൽ പരിഗണന നൽകണം. സന്ദർശകർക്ക് ഇരിപ്പിടങ്ങളും കുടിക്കാൻ ശുദ്ധജലവും മറ്റും ഏർപ്പെടുത്തുന്നത് സർക്കാർ ഓഫീസുകൾക്ക് ജനസൗഹൃദമുഖം നൽകാൻ ഉപകരിക്കും. അന്വേഷണങ്ങൾക്ക് സൗഹൃദത്തോടെ മറുപടി നൽകാൻ കൂടി ഉദ്യോഗസ്ഥർ തയ്യാറായാൽ പകുതി ആക്ഷേപവും മാറിക്കിട്ടും.
സബ് രജിസ്ട്രാർ ഓഫീസുകളെപ്പോലെ അടിയന്തര നവീകരണം വേണ്ട മറ്റൊരിടമാണ് വില്ലേജ് - താലൂക്ക് ഓഫീസുകൾ. വളരെയധികം പേർ തിങ്ങിക്കൂടുന്ന ഓഫീസുകളാണിവ. കുടുസുമുറികളിൽ തീരെ സൗകര്യമില്ലാതെ പ്രവർത്തിക്കുന്നവയാണ് വില്ലേജ് ഓഫീസുകളിൽ പലതും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ധാരാളം ആവശ്യങ്ങളുമായി ഒട്ടധികം പേർ നിത്യേന എത്തുന്ന സ്ഥലമാണത്. ഇവിടങ്ങളിലും ഓൺലൈൻ സൗകര്യമേർപ്പെടുത്തി തിരക്കു കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നേരിട്ട് എത്തേണ്ട ആവശ്യങ്ങൾ ധാരാളമുള്ളതിനാൽ എന്നും തിരക്കാണവിടെ. സേവനം തേടിയെത്തുന്നവർ അല്പം യാതന കൂടി സഹിക്കണമെന്ന സമീപനം പഴയ കൊളോണിയൽ ഭരണക്കാർ ബാക്കിവച്ചിട്ടു പോയതാണ്. ജനകീയ ഗവൺമെന്റുകൾക്ക് ഈ സമീപനം ഒട്ടും ഭൂഷണമല്ലെന്നു പറയേണ്ടതില്ല. ജനങ്ങളാണ് യഥാർത്ഥ യജമാനന്മാർ എന്നു ഭംഗിവാക്കു പറയാറുണ്ട്. സേവനം തേടി സർക്കാർ ഓഫീസുകളിൽ എത്തുമ്പോൾ സ്ഥിതി അതായിരിക്കില്ല. അധികാരമുള്ള കസേരകളിലിരിക്കുന്നവർ തന്നെയാണ് അവിടെ യജമാനന്മാർ. സേവനാവകാശ നിയമവും ചട്ടങ്ങളുമൊക്കെ ഉണ്ടെങ്കിലും അധികാരപ്പെട്ടവർ കനിഞ്ഞാലേ കാര്യം നടക്കുകയുള്ളൂ.