july14b
ഫോട്ടോ: ദേശീയപാത വികസനത്തിന്റെ അവസാനഘട്ട പണികൾ ബി. സത്യൻ
എം.എൽ.എ,​ നഗരസഭാ ചെയർമാൻ എം. പ്രദീപ് എന്നിവർ വിലയിരുത്തുന്നു

ആറ്റിങ്ങൽ: ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡ് ബെയ്സിന്റെ പണികൾ ആരംഭിച്ചു. നിലവിലെ ടാർ ഇളക്കി മാറ്റി 20 മുതൽ 60 സെന്റീമീറ്റർ ആഴത്തിൽ ജി.എസ്.ബി വെറ്റ്മിക്‌സ്‌ മക്കാഡം സ്ഥാപിച്ച് ആദ്യ ലെയർ ടാറിംഗ് ചെയ്‌ത് ഗതാഗതത്തിന് തുറന്നുകൊടുക്കും. മൂന്ന് ഘട്ടങ്ങളിലായാണ് നിർമ്മാണം നടത്തുന്നത്. ആദ്യം പൂവമ്പാറ മുതൽ കച്ചേരിനട വരെയും അതുകഴിഞ്ഞ് നാലുമുക്ക് മുതൽ മൂന്നുമുക്ക്‌ വരെയും മൂന്നാം ഘട്ടമായി കച്ചേരിനട മുതൽ നാലുമുക്ക് വരെയുമാണ് നിർമ്മാണം നടക്കുക. പണി പൂർത്തിയാകുന്നതോടെ അവസാന ലെയർ ടാറിംഗും ചെയ്യുമെന്ന് ദേശീയപാത അതോറിട്ടി അറിയിച്ചു. നിർമ്മാണം നടക്കുന്നതിനാൽ ഒൺവേ സംവിധാനമാണ് ഒരു മാസത്തേക്ക് നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ദേശീയപാത വഴി കടന്നുപോകാം. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങൾ പാലസ് റോഡുവഴി ഗേൾസ് ഹൈസ്‌കൂൾ ജംഗ്ഷനിലൂടെ കൊല്ലമ്പുഴ മണനാക്ക് ജംഗ്‌ഷനിലൂടെ പോകണമെന്ന് ആറ്റിങ്ങൽ പൊലീസ് അറിയിച്ചു. അഡ്വ.ബി. സത്യൻ എം.എൽ.എ, നഗരസഭാ ചെയർമാൻ എം. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തി.