1

പൂവാർ: കരുംകുളം, പൂവാർ, കുളത്തൂർ ഗ്രാമപഞ്ചായത്തുകളിലെ തീരദേശ മേഖലകളിൽ കൊവിഡ് 19 രോഗവ്യാപനം ഗുരുതരമായതോടെ പരിഭ്രാന്തിയിലായി തീരദേശവാസികൾ. കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പൊഴിയൂർ,പൊയ്പ്പള്ളിവിളാകം, കൊല്ലംകോട്, മുല്ലശ്ശേരി, പരുത്തിയൂർ, പൊഴിക്കര ബീച്ച് തുടങ്ങിയ 6 വാർഡുകൾ ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണാണ്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമപഞ്ചായത്താണ് കുളത്തൂർ. ഇവിടെ പലരും ഊടുവഴികളിലൂടെ കേരളത്തിലേക്ക് പ്രവേശിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ട ബഹുഭൂരിപക്ഷം ആൾക്കാരും സമ്പർക്കത്തിലൂടെയാണ് രോഗികളായിരിക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കൈ കഴുകിയും മാസ്ക് ധരിച്ചും ജീവിക്കാമെങ്കിലും അകലം പാലിക്കുക എന്നത് തീരമേഖലയെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ലെന്നാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്. കൂടാതെ നിരീക്ഷണത്തിലുള്ളവരെ പാർപ്പിക്കാനുള്ള പ്രത്യേകം ക്വാറന്റൈൻ കേന്ദ്രങ്ങളും, ശ്രവ പരിശോധനയ്ക്കുള്ള സംവിധാനങ്ങളും ഇവിടെ പരിമിതമാണ്. ശ്രവം എടുത്ത ശേഷം ആൾക്കാരെ വീടുകളിലേക്ക് പറഞ്ഞു വിടുന്നതാണ് പതിവ്. എന്നാൽ പരിശോധനാഫലം വരുമ്പോൾ ഇതിൽ പോസിറ്റീവ് ആകാറുണ്ട്. ഇതിനോടകം തന്നെ ഇവരിൽ നിന്ന് പലർക്കും രോഗവ്യാപനം ഉണ്ടാകുന്നതാണ് തീരമേഖലയിൽ സമ്പർക്ക രോഗികൾ കൂടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. തീരദേശത്തിന്റെ ആശങ്കയകറ്റാൻ കൂടുതൽ ക്വാറന്റൈൻ കേന്ദ്രങ്ങളും, പരിശോധനാ സംവിധാനങ്ങളും ക്രമീകരിക്കണം. അവശ്യവസ്തുക്കൾ ലഭ്യമാക്കാൻ വേണ്ടുന്ന നടപടി സ്വീകരിക്കണം. മത്സ്യബന്ധനം നിരോധിച്ച സാഹചര്യത്തിൽ തീരമേഖലയിലെ പട്ടിണി മാറ്റാൻ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.

ഫോട്ടോ: കരുംകുളം ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു.

പൂവാറിൽ സമ്പർക്ക പട്ടികയിലുള്ളവരെ ഘട്ടം ഘട്ടമായി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് പൂവാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഐ.എസ്.

ജവഹർ പറഞ്ഞു.

പുല്ലുവിളയിൽ നിലവിലുള്ളത് 150 കൊവിഡ് രോഗികൾ

കരുംകുളം ഗ്രാമ പഞ്ചായത്തിൽ ഇന്നലെ മുതൽ ഒരാഴ്ചത്തേക്ക് ജില്ലാകളക്ടർ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.

പള്ളം, ഇരയിമ്മൻതുറ, പുല്ലുവിള, ചെമ്പകരാമൻതുറ എന്നീ വാർഡുകളുടെ സമീപ പ്രദേശങ്ങളും ഇപ്പോൾ തീവ്ര നിരീക്ഷണത്തിലാണ്.

പൂവാർ ഗ്രാമപഞ്ചായത്തിലാകട്ടെ പൂവാർ, ബണ്ട്, ബീച്ച്, ടൗൺ, വരവിളത്തോപ്പ്, എരിക്കലുവിള തുടങ്ങിയ 6 വാർഡുകൾ ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണായി മാറിക്കഴിഞ്ഞു.

 മത്സ്യ ബന്ധനം താല്കാലികമായി നിരോധിക്കുകയും മത്സ്യവിപണനം ഇല്ലാതാവുകയും ചെയ്തതോടെ വീടുകളിൽ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്. ജോലിക്ക് പോകാൻ കഴിയാത്തവർ സാധാരണയായി തീരത്തെ മണൽപരപ്പിൽ എന്തെങ്കിലും വിനോദങ്ങളിൽ ഏർപ്പെട്ട് സമയം കളയുകയാണ് പതിവ്. കൂട്ടം കൂടുന്നത് നിയന്ത്രിച്ചതോടെ അതിനും കഴിയാതെയായി. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമായി ഒരു വീട്ടിൽ എല്ലാവർക്കും കിടന്നുറങ്ങാൻ കഴിയാറില്ല. ഇടുങ്ങിയ ഒറ്റമുറി വീടുകളിലാണ് ഭൂരിപക്ഷമാൾക്കാരും കഴിഞ്ഞുകടുന്നത്. ഈ സാഹചര്യത്തിൽ ഹൗസ് ക്വാറന്റൈൻ എന്നത് തീരത്ത് അപ്രായോഗികമാണെങ്കിലും പലരും ഇതിന് നിർബന്ധിതരാകുന്നുവെന്ന് നാട്ടുകാർ പറയുന്നു.