തിരുവനന്തപുരം:പ്ലസ് ടു പരീക്ഷയിൽ ജില്ലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. കൊവിഡിനെ തോൽപ്പിച്ച് പരീക്ഷയെഴുതി 83.41 ശതമാനം വിജയമാണ് ജില്ലയിലെ വിദ്യാർത്ഥികൾ നേടിയത്. കൊവിഡ് സൃഷ്ടിച്ച ആശങ്കകൾക്കിടയിൽ ഇന്നുവരെ ശീലിച്ചിട്ടില്ലാത്ത സംവിധാനങ്ങൾക്കിടയിൽ നിന്ന് പരീക്ഷയെഴുതിയ 32,582 പേരിൽ 27,177 പേർ ഉന്നതപഠനത്തിന് അർഹത നേടി. ഇതിൽ 1664 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 20 വിദ്യാർത്ഥികൾ മുഴുവൻ മാർക്കും നേടി. 32,582 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഒൻപത് സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്.
ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 28 പേർ വിജയിച്ചു. വിജയശതമാനം 52.83. ഓപ്പൺ സ്കൂളിൽ പരീക്ഷയെഴുതിയ 2367 പേരിൽ 894 പേർ വിജയം നേടി. വി.എച്ച്.എസ്.ഇയിൽ 2268 പേർ പരീക്ഷയെഴുതിയപ്പോൾ 1845 പേർ വിജയിച്ചു. വിവിധ കോഴ്സുകളിലായി ആറ് സ്കൂളുകൾ 100 ശതമാനം വിജയം നേടി. ആറ്റിങ്ങൽ ഗവ.വി.എച്ച്.എസ്.എസ്, ജഗതി ബധിര മൂക വിദ്യാലയം, വെള്ളനാട് ജി.വി.എച്ച്.എസ്.എസ്, മലയിൻകീഴ് ജി.വി.എച്ച്.എസ്.എസ്, ഞെക്കാട് വി.എച്ച്.എസ്.എസ്, മണക്കാട് ഗേൾസ് വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളാണ് നൂറ് മേനി നേടിയത്.
ഒമ്പത് സ്‌കൂളുകൾക്ക് നൂറുമേനി
പ്ലസ്ടു പരീക്ഷാഫലം വന്നപ്പോൾ തലസ്ഥാനത്തെ ഒമ്പത് സ്‌കൂളുകൾക്ക് നൂറുമേനി വിജയം. ജഗതി ബധിര മൂക വിദ്യാലയം, ക്രൈസ്റ്റ് നഗർ ഇ.എം എച്ച്.എസ്.എസ്, കവടിയാർ നിർമ്മലഭവൻ ഇ.എം എച്ച്.എസ്.എസ്, നാലാഞ്ചിറ സർവോദയ വിദ്യാലയ, നെയ്യാറ്റിൻകര സെന്റ്. തെരേസാസ് കോൺവെന്റ് ജി.എച്ച്.എസ്.എസ്, വഴുതക്കാട് കാർമൽ ഗേൾസ് എച്ച്.എസ്.എസ്, വഴുതക്കാട് ചിൻമയ എച്ച്.എസ്.എസ്, കഴക്കൂട്ടം ജ്യോതിനിലയം എച്ച്.എസ്.എസ്, മുക്കോലയ്ക്കൽ സെന്റ്.തോമസ് എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളാണ് നൂറുശതമാനം വിജയം നേടിയത്.
1200 ൽ 1200
20 വിദ്യാർത്ഥികൾ ഇത്തവണ 1200ൽ 1200 മാർക്ക് നേടി. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസിലെ എൻ.എൻ നഫ്രിൻ (ഹ്യുമാനിറ്റീസ്), കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിലെ എ.എം. അഭ (സയൻസ്), നിരഞ്ജന സുരേഷ് (ഹ്യുമാനിറ്റീസ്), കിളിമാനൂർ ജി.എച്ച്.എസ്.എസിലെ എ.ജി. ജാൻവി (സയൻസ്), മിതൃമല ഗവ. ഗേൾസ് ജി.എച്ച്.എസ്.എസിലെ നിവേദ്യ പി. വിജയ് (സയൻസ്), പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസിലെ ജി. അനാമിക (ഹ്യൂമാനിറ്റീസ്), എസ്.ശലഭ (ഹ്യുമാനിറ്റീസ്), തൈക്കാട് ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസിലെ എസ്.ആർ. ദേവനാരായൺ (സയൻസ്), ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ ഫാത്തിമ സുൽത്താന (സയൻസ്), കാട്ടാക്കട കുളത്തുമ്മൽ ഗവ. എച്ച്.എസ്.എസിലെ ബി. ആനി റെയ്ച്ചൽ (സയൻസ്), നെടുമങ്ങാട് ദർശന എച്ച്.എസ്.എസിലെ എസ്.ആർ. വൈഷ്ണവി (സയൻസ്), വഴുതക്കാട് കാർമൽ ഗേൾസ് എച്ച്.എസ്.എസിലെ ബിൻസി ലിജു (സയൻസ്), മേഘ മരിയ ലോറൻസ് (സയൻസ്), ജെന്നിഫർ മറിയം തോമസ് (സയൻസ്), ജോബിന ജോയ് (സയൻസ്), ഗൗരി എസ്. നായർ (സയൻസ്), ബി.ആർ. ആര്യ (സയൻസ്), ഡി.എസ്. മീനാക്ഷി (ഹ്യുമാനിറ്റീസ്), ഐ.സി. ഗോപിക നായർ (കൊമേഴ്‌സ്), ജെ.എസ്. ശ്രീജയ (കൊമേഴ്‌സ്) എന്നിവരാണ് മുഴുവൻ മാർക്ക് കരസ്ഥമാക്കിയത്.
ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയത് പട്ടം സെന്റ് മേരീസിൽ
ഇക്കുറിയും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയത് പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് ആണ്. 840 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 806 പേർ വിജയിച്ചു. 95.95 ആണ് സ്‌കൂളിന്റെ വിജയശതമാനം.