vld-1

വെള്ളറട: അമ്പൂരി പഞ്ചായത്തിൽ നെല്ലിക്കാമലയുടെ നെറുകയിൽ തലയുയർത്തി നിൽക്കുന്ന ദ്രവ്യപ്പാറ ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ വിളിച്ചോതുകയാണ്. 1500 അടിയിലേറെ ഉയരമുള്ള നെല്ലിക്കാമലയുടെ നെറുകയിലാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്ന് 40 കിലോമീറ്റർ അകലെ അമ്പൂരിയിലാണ് നെല്ലിക്കാമല. എങ്കിലും ഇതിന്റെ മുകൾഭാഗത്തുനിന്നു നോക്കിയാൽ ശംഖുംമുഖം കടപ്പുറവും വിമാനത്താവളവും വിമാനം ഇറങ്ങുന്നതും ഉയരുന്നതും കടലിലൂടെ കൂറ്റൻ കപ്പലുകൾ കടലാസ് ബോട്ടിന്റെ വലിപ്പത്തിൽ പോകുന്നതും കാണാം. മലയുടെ മുകൾഭാഗം വിശാലമാണ്. എട്ടുവീട്ടിൽ പിള്ളമാരിൽ നിന്നു രക്ഷനേടാൻ മാർത്താണ്ഡവർമ്മ മഹാരാജാവ് ഒളിച്ചുപാർത്തത് ഈ പാറയിലെന്നാണ് ഐതിഹ്യം. മാർത്താണ്ഡവർമ്മയ്ക്ക് ദ്രവ്യപ്പാറയുടെ മുകളിലെത്താൻ അക്കാലത്ത് കൊത്തിയതെന്ന് നാട്ടുകാർ വിശ്വസിക്കുന്ന 72 പടികൾ ആളുകളെ മുകളിൽ എത്തിക്കാൻ സഹായിക്കുന്നു. ശക്തമായ കാറ്റിനെ പ്രതിരോധിച്ച് കൈ കൊണ്ട് ഒരോ പടികളിലും പിടിച്ച് തൂങ്ങിവേണം മുകളിലെത്താൻ. ആദിവാസികൾക്ക് കരമൊഴിവാക്കിക്കൊടുത്ത അമ്പൂരിയിലെ 1001 പറനിലം ദ്രവ്യപ്പാറയ്ക്ക് അഭിമുഖമായി ഉണ്ടായിരുന്നു. ഇന്ന് നിലം ഇല്ല. ഈ നിലത്തിൽ കൃഷി ചെയ്തിരുന്ന ആദിവാസികൾ അവരുടെ ക്ഷേമത്തിനായി കൊയ്‌തെടുക്കുന്ന നെല്ല് അരിയാക്കി ദ്രവ്യപ്പാറയിലെ ഗുഹാക്ഷേത്രത്തിൽ പായസം വച്ച് നിവേദിച്ചിരുന്നത്രെ. ദ്രവ്യപ്പാറ ഉൾപ്പെടുന്ന സർക്കാർ പാറ തരിശ് കൈയേറാൻ ഖനന മാഫിയകൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധങ്ങളാണ് ഈ പാറയെ പോറലേല്പിക്കാതെ സംരക്ഷിച്ചുവരുന്നത്. ഇവിടത്തെ ഗുഹാക്ഷേത്രത്തിൽ വിശ്വാസികളായ നാട്ടുകാർ ശിവപ്രതിഷ്ഠ നടത്തി മുടങ്ങാതെ പൂജ നടത്തി വരുന്നു. എല്ലാ ശിവരാത്രി നാളിലും ഇവിടത്തെ ദക്ഷിണാമൂർത്തി ഗുഹാക്ഷേത്രത്തിലേക്ക് തീർത്ഥാടനവും നടക്കുന്നു. ഇടയ്ക്കിടെ ടൂറിസ്റ്റുകളും വന്നുപോകാറുണ്ട്.

ദ്രവ്യപ്പാറയിലെത്താൻ

കുടപ്പനമൂട്, പൊട്ടൻചിറയിൽ നിന്നു മലമുകൾ വരെ റോഡുണ്ട്. അവിടെ നിന്നു ദ്രവ്യപ്പാറയിൽ എത്താൻ അരക്കിലോമീറ്റർ കാൽനട വേണം. വാഴിച്ചൽ, കുട്ടമല വഴി പുറുത്തിപ്പാറ റോഡിലൂടെ ദ്രവ്യപ്പാറയുടെ സമീപത്ത് എത്താം. തുടർന്ന് 10 മിനിട്ട് നടന്നാൽ ദ്രവ്യപ്പാറയിൽ എത്താം. ഈ റോഡുകളെ തമ്മിൽ ബന്ധിപ്പിച്ചാൽ മലയോര ടൂറിസത്തിന് വൻ സാദ്ധ്യതയാണുള്ളത്. മലയുടെ ഒരു ഭാഗത്തു നിന്നു വാഹനത്തിൽ സഞ്ചരിച്ച് നെറുകയിൽ എത്തി കാഴ്ചകൾ കണ്ട് മറുഭാഗം വഴി മലയിറങ്ങാം.

സാദ്ധ്യതകൾ ഏറെ

മലമുകളിൽ റിസോർട്ടുകൾ കൂടി ഉണ്ടെങ്കിൽ നെയ്യാർഡാമിലും തൃപ്പരപ്പിലും കന്യാകുമാരിയിലും എത്തുന്ന ടൂറിസ്റ്റുകൾക്കും വിദേശികൾക്കും ഇവിടംകൂടി സന്ദർശിക്കാം. നെല്ലിക്കാമലയും തൊട്ടടുത്ത കൊണ്ടകെട്ടി മലയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഒരു റോപ്പ് വേ കൂടി ഉണ്ടായാൽ അമ്പൂരിയും ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.