niya

തിരുവനന്തപുരം: ധനകാര്യ ബിൽ പാസാക്കാനായി നിയമസഭാ സമ്മേളനം 27ന് വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനം അതിനിടെ ഗുരുതരമായാൽ പുനരാലോചന വേണ്ടിവരുമെന്നും വിലയിരുത്തി. അതേസമയം, വിവാദ സ്വർണക്കടത്ത് വിഷയത്തിൽ സർക്കാരിനെതിരെ അവിശ്വാസപ്രമേയവും സ്പീക്കർക്കെതിരെ പ്രമേയവും അന്ന് കൊണ്ടുവരാൻ പ്രതിപക്ഷം നീക്കമാരംഭിച്ചതോടെ സഭ പ്രക്ഷുബ്ദ്ധമാകുമെന്നുറപ്പായി.

സ്വർണക്കടത്ത് വിവാദത്തിൽ പ്രതിപക്ഷം സമരം ശക്തമാക്കിയ സാഹചര്യത്തിൽ, സഭ ചേരാൻ നേരത്തേയുണ്ടാക്കിയ ധാരണയിൽ നിന്ന് പിറകോട്ട് പോവുന്നത് ഒളിച്ചോടലായി വ്യാഖ്യാനിക്കുമെന്ന് സർക്കാർ കരുതുന്നു. എം. ശിവശങ്കറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തുകയും ഭരണമുന്നണിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന തെളിവുകൾ പുറത്ത് വരികയും ചെയ്താൽ കേസിന്റെ രാഷ്ട്രീയമാനം മാറും. 27ന് മുമ്പ് അത്തരമൊരവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അതും സഭയിൽ സർക്കാരിന് ക്ഷീണമാകും. ഏകദിന സമ്മേളനത്തിൽ പ്രമേയം പരിഗണിക്കാനാവില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചാലും പ്രതിപക്ഷം അതായുധമാക്കും.

വിജ്ഞപനം വന്നാലുടൻ നോട്ടീസ്

പ്രതിപക്ഷസമ്മേളനം ചേരാനുള്ള ഗവർണറുടെ വിജ്ഞാപനമിറങ്ങിയാലുടൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രമേയങ്ങൾക്ക് നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകും. സമ്മേളനത്തിന്റെ അജൻ‌ഡ പിന്നീടേ വരൂ. ഈ പഴുതുപയോഗിച്ച് നോട്ടീസ് നൽകാനാണ് ശ്രമം. സ്പീക്കർക്കെതിരായ പ്രമേയത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നൽകിയിരിക്കണം. വിജ്ഞാപനമിറങ്ങിയ ശേഷം സമ്മേളനം തുടങ്ങുന്ന ദിവസത്തിനിടയിലുള്ള 14 ദിവസമാണ് കണക്കാക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ 27ന് മുമ്പ് 14 ദിവസം കിട്ടില്ല. പ്രതിപക്ഷ പ്രമേയം പരിഗണിക്കാൻ വേറെ സമയം കക്ഷിനേതാക്കൾ പിന്നീട് കൂടിയാലോചിച്ച് തീരുമാനിക്കണം. അവിശ്വാസ പ്രമേയത്തിന് മൂന്ന് ദിവസം മുമ്പ് നോട്ടീസ് നൽകിയാൽ മതി. അത് പിന്നീടേ നൽകൂ.

സ്പീക്കർക്കെതിരായ പ്രമേയം ചർച്ചയ്ക്കെടുക്കുന്നതിന് 20 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. പ്രമേയം ചർച്ച ചെയ്യുമ്പോൾ ചെയറിൽ ഡെപ്യൂട്ടി സ്പീക്കറായിരിക്കും. ഡെപ്യൂട്ടി സ്പീക്കറുടെ സീറ്റിൽ സ്പീക്കറും.