lougin
ലൗജിൻ

 നൂറുമേനി വിജയം നേടി ജഗതി ബധിര മൂക വിദ്യാലയം

തിരുവനന്തപുരം: ലോക്ക് ഡൗണിനിടയിൽ പ്ലസ് ടു പരീക്ഷ പുനരാരംഭിക്കാൻ തീരുമാനിച്ചപ്പോൾ ഇടുക്കി രാജകുമാരി ഗോത്ര മേഖലയിലെ വീട്ടിലായിരുന്നു ഹരിത. ഇത്രയും ദൂരം സഞ്ചരിച്ച് ജഗതിയിലെ ബധിക മൂക വിദ്യാലയത്തിലെത്തുക അത്ര എളുപ്പമായിരുന്നില്ല. പരീക്ഷയെഴുതാൻ സാധിക്കുമോയെന്ന ആശങ്കയ്‌ക്കിടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഫോൺവിളിയെത്തുന്നത്. വിഷമിക്കേണ്ട,​ പരീക്ഷയെഴുതാനൊരുങ്ങിക്കോളൂ, വാഹനവുമായി ഞങ്ങൾ എത്തുമെന്ന് ഉറപ്പ്തരുന്നു. അങ്ങനെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം കുമ്പപ്പാറയിലെ വീട്ടിലെത്തിയ വാഹനത്തിൽ കയറി ഹരിത പരീക്ഷയെഴുതാനെത്തി. ഇന്നലെ റിസൾട്ട് വന്നപ്പോൾ ഹരിത മികച്ച വിജയം നേടി. ഹരിതയ്ക്കും പ്ലസ് വൺ വിദ്യാർത്ഥിയായ ചിഞ്ചുവിനും വേണ്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാകേന്ദ്രത്തിലെത്താൻ വാഹന സൗകര്യമൊരുക്കിയത്. പരീക്ഷയ്ക്ക് ശേഷം ഇരുവരെയും വീടുകളിൽ തിരിച്ചുമെത്തിച്ചു.

എല്ലാ വിഷയങ്ങൾക്കും

എ പ്ലസ് നേടി ലൗജിനും അഖിലും

ശബ്ദം പിണങ്ങിനിന്ന ജീവിതത്തിനോട് സന്ധിയില്ലാസമരം പ്രഖ്യാപിച്ച് അഖിലും ലൗജിനും നേടിയ ഫുൾ എ പ്ലസിന് തിളക്കമേറെ. ജഗതി ബധിര മൂക വിദ്യാലത്തിലെ പ്ലസ് ടു വിദ്യാർത്ഥികളായ ലൗജിൻ എൽ.എസ്, അഖിൽ എ എന്നീ വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി സ്‌കൂളിന് അഭിമാനമായത്. ഹയർസെക്കൻഡറിയിലും വി.എച്ച്.എസ്.സിയിലുമായി പരീക്ഷയെഴുതിയ സ്‌കൂളിലെ 21 കുട്ടികളും വിജയിച്ചു. ഹയർ സെക്കൻഡറിയിൽ 12ഉം വി.എച്ച്.എസ്.ഇയിൽ 9ളം വിദ്യാർത്ഥികളാണ് വിജയിച്ചത്.