mullappally

തിരുവനന്തപുരം: സ്വ‌‌ർണക്കടത്ത് കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവനയിൽ ചോദിച്ചു. ബി.ജെ.പിക്ക് മുഖ്യമന്ത്രി വിശുദ്ധ പശുവാണോ എന്നും മുല്ലപ്പള്ളി പരിഹസിച്ചു. കള്ളക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം കിട്ടിയിട്ടുണ്ട്. സ്വപ്നാ സുരേഷിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് അവഗണിച്ചാണ് ഐ.ടി വകുപ്പിൽ ജോലി നൽകിയത്.

തീവ്രവാദവുമായി ബന്ധപ്പെട്ട് മാത്രം അന്വേഷണം ഒതുങ്ങുന്നത് ഉചിതമല്ല. ഇതുമായി ബന്ധപ്പെട്ട ഉന്നതങ്ങളിലെ രാഷ്ട്രീയ അഴിമതിയും ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളും അന്വേഷിക്കണം. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി എൻ.ഐ.എക്ക് സ്തുതിഗീതം പാടുകയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ അന്വേഷണം മന്ദഗതിയിലാണ് പോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.