പിടിച്ചെടുത്ത ഫോണിലെ വിവരം നിർണായകം
ഫ്ലാറ്റിൽ ഇന്നലെ എൻ.ഐ.എ റെയ്‌ഡ്
കൊച്ചിയിൽ വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രധാന പ്രതികളായ സ്വപ്നയും സരിത്തുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് പൊരുത്തപ്പെടാത്ത മൊഴികൾ നൽകുകയും, സ്വപ്ന ഒളിവിൽ പോയത് തന്റെ അറിവോടെയാണ് എന്നതിന് കസ്റ്റംസ് നിരത്തിയ തെളിവുകൾക്കു മുന്നിൽ ഉത്തരം മുട്ടുകയും ചെയ്തതോടെ
മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം.ശിവശങ്കറിന് കുരുക്ക് വീണ്ടും മുറുകി.
ക്ളീൻ ചിറ്റ് നൽകിയിട്ടില്ലെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് ഇന്നലെ വ്യക്തമാക്കിയതിനു പിന്നാലെ എൻ.ഐ.എയും കസ്റ്റംസും സംയുക്തമായി ശിവശങ്കറിന്റെ ഫ്ളാറ്റിൽ റെയ്ഡ് നടത്തി. കസ്റ്റംസ് പിടിച്ചെടുത്ത ശിവശങ്കറിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കയച്ചു. അറസ്റ്രിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് വ്യക്തം.
കഴിഞ്ഞ ദിവസത്തെ ഒൻപതു മണിക്കൂർ ചോദ്യം ചെയ്യലിൽ ശിവശങ്കർ നൽകിയ ഉത്തരങ്ങൾ പൊരുത്തക്കേടു നിറഞ്ഞതാണ്. അന്വേഷണസംഘം ശേഖരിച്ച ഡിജിറ്റൽ തെളിവുകളുമായി ചേരുന്നതായിരുന്നില്ല മൊഴികൾ. സ്വപ്‌നയ്ക്ക് ജോലി നൽകുന്നതിൽ ഇടപെട്ടിട്ടില്ലെന്നും അവർ സ്വർണക്കടത്തുകാരിയാണെന്ന് അറിയില്ലായിരുന്നെന്നും പറഞ്ഞത് കസ്റ്റംസ് വിശ്വസിക്കുന്നില്ല. എന്തിന് ഫ്ളാറ്റ് വാടകയ്ക്കെടുത്തു നൽകിയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി കിട്ടിയതുമില്ല. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയായിരുന്ന അരുൺ ബാലചന്ദ്രൻ ഫ്ലാറ്റെടുക്കാൻ ശുപാർശചെയ്യുന്ന ഫോൺവിളി കൈയിൽ വച്ചായിരുന്നു കസ്റ്റംസിന്റെ ചോദ്യങ്ങൾ.
സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവരുടെ സ്വർണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നെന്നു തന്നെയാണ് കസ്റ്റംസിന്റെ നിഗമനം. ശിവശങ്കറിന്റെ മൊഴി കസ്റ്റംസ് കമ്മിഷണർ സുമിത്കുമാറിന്റെ നേതൃത്വത്തിൽ പരിശോധിക്കുകയാണ്. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാവും അടുത്ത ചോദ്യം ചെയ്യൽ.
ആ ഫോൺ മെസേജ്
സരിത്ത് പിടിയിലായതറിഞ്ഞ് സ്വപ്ന ഒളിവിൽ പോയത് ശിവശങ്കറിനെ ബന്ധപ്പെട്ട ശേഷമെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. കഴിഞ്ഞ 5ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സരിത്തിനെ തിരുവല്ലത്തെ വീട്ടിൽ നിന്ന് പിടികൂടിയത്. സെക്രട്ടേറിയറ്റിനടുത്ത ഫ്ലാറ്റിലായിരുന്ന സ്വപ്ന വിവരമറിഞ്ഞ് അമ്പലംമുക്കിലെ സ്വന്തം ഫ്ലാറ്റിൽ പോയശേഷം, 2.48ന് സരിത്തിന്റെ വീടിനടുത്തെത്തിയപ്പോൾ ഫോണിൽ സരിത്തിന്റെ വിളിയെത്തി. തുടർന്ന് സ്വപ്ന എത്തിയത് പൂജപ്പുരയിലെ ശിവശങ്കറിന്റെ വീടിനടുത്തുള്ള ടവർ പരിധിയിൽ. അവിടെ വച്ച് സ്വപ്നയുടെ ഫോണിലേക്ക് ഒരു മെസേജ് എത്തി. തുടർന്ന് ഫോൺ സ്വിച്ച് ഓഫായി. സ്വപ്ന സന്ദീപുമൊത്ത് മുങ്ങുകയും ചെയ്തു. ഈ തെളിവു വച്ചുള്ള ചോദ്യങ്ങൾക്കു മുന്നിലാണ് ശിവശങ്കർ വലഞ്ഞത്.
മുറുകുന്ന കുരുക്കുകൾ
1. ശിവശങ്കറിന്റെ മൊഴിയെടുത്തതിനു പിന്നാലെ സരിത്തിനെ കസ്റ്റംസ് ഇന്നലെ വീണ്ടും ചോദ്യംചെയ്തപ്പോൾ ഉത്തരങ്ങളിലെ വൈരുദ്ധ്യം ബോദ്ധ്യമായി. കസ്റ്റംസ് രേഖപ്പെടുത്തിയ മൊഴി തെളിവാണ്, പിന്നീട് മാറ്റാനാവില്ല
2. സ്വപ്നയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഫ്ലാറ്റിൽ എൻ.ഐ എ റെയ്ഡ്. സന്ദീപിന്റെ വീട്ടിൽ നിന്ന് രണ്ട് ഫോണുകൾ എൻ.ഐ.എ പിടിച്ചെടുത്തിട്ടുണ്ട്. ഇതിലെ വിളികൾ കുരുക്കാവും
3.സ്വപ്ന പ്രോജക്ട് മാനേജരായിരുന്ന ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ ഇന്നലെ കസ്റ്റംസ് റെയ്ഡ് നടത്തി നിയമനരേഖകളും കാമറാ ദൃശ്യങ്ങളും ഫയലുകളും ഹാർഡ് ഡിസ്കും പിടിച്ചെടുത്തു.
ഒളിത്താവളം ഒരുക്കി
സ്വർണക്കടത്ത് പ്രതികൾക്ക് ഒളിത്താവളമൊരുക്കിയെന്ന കുറ്റവും ശിവശങ്കറിനു മേൽ വന്നുചേരും. സെക്രട്ടേറിയറ്റിന് അടുത്തുള്ള ഫ്ളാറ്റിൽ സ്വപ്നയുടെ ഭർത്താവിന്റെ പേരിൽ അപ്പാർട്ട്മെന്റ് ബുക്ക് ചെയ്യാൻ ശിവശങ്കർ നിർദ്ദേശിച്ചത് മേയ് 27നാണ്. മേയ് 31 മുതൽ ആറു ദിവസത്തേക്കായിരുന്നു ബുക്കിംഗ്. എന്നാൽ സംഘം ഫ്ളാറ്റ് ഒഴിഞ്ഞില്ല. ഈ മാസം 5ന് ഒളിവിൽ പോകും വരെ സ്വപ്ന ഇവിടെ തുടർന്നു.
ജൂൺ 30 നാണ് കോൺസുലേറ്റിന്റെ പേരിൽ സ്വർണം അടങ്ങിയ കാർഗോ എത്തിയത്. അതിനു മുൻപ് 24, 26 തീയതികളിലും കാർഗോ വന്നിരുന്നു. അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നന്നെന്നും സ്വന്തം ഫ്ളാറ്റിനടുത്ത് സ്വർണക്കടുത്തുകാർക്ക് ശിവശങ്കർ ഒളിത്താവളമൊരുക്കിയെന്നുമാണ് കസ്റ്റംസ് കരുതുന്നത്.