വർക്കല: വർക്കല നഗരസഭയിലെ സമഗ്രവികസനത്തിനുള്ള ഇന്റലിജന്റ് പ്രോപ്പർട്ടി മാനേജ്മെന്റ് സിസ്റ്റം (ഐ.പി.എം.എസ്) പദ്ധതിയുടെ ഭാഗമായി ഡ്രോൺ സർവേ നടത്തുമെന്ന് നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ എസ്. അനിജോ എന്നിവർ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. വി. ജോയ് എം.എൽ.എ നിർവഹിച്ചു. പദ്ധതി നടപ്പാക്കുന്ന ഏജൻസിയായ യു.എൽ.സി.സി.എസ് പ്രോജക്ടിന്റെ മാനേജർ റിനുവും യോഗത്തിൽ പങ്കെടുത്തു.

നഗരസഭയിലെ മുഴുവൻ വിവരങ്ങളും ശേഖരിച്ച് വിശകലനം ചെ‌‌യ്‌ത ശേഷം പുതിയ തലത്തിൽ നഗരാസൂത്രണം വിഭാവനം ചെയ്യുകയാണ് ലക്ഷ്യം. ഡ്രോൺ വിവരണ ശേഖരണം രണ്ടാഴ്ചകൊണ്ട് പൂർത്തിയാക്കുമെന്ന് സെക്രട്ടറി എൽ.എസ്. സജി അറിയിച്ചു. നഗരസഭയിലെ മുഴുവൻ കെട്ടിടങ്ങളുടെയും ഫോട്ടോ ഉൾപ്പെടെയുള്ള സമ്പൂർണ വിവരം ഉൾപ്പെടുത്തി മാപ്പ് ചെയ്യും. റോഡ്, ലാൻഡ് മാർക്ക്, പാലം, കൾവർട്ടുകൾ, ഡ്രെയ്നേജ്, കനാൽ, തരിശുനിലം, തണ്ണീർത്തടം എന്നിവയുടെ പൂർണ വിവരങ്ങളും ലഭ്യമാക്കും. ദുരന്തനിവാരണം കാര്യക്ഷമമാക്കാനും പദ്ധതി സഹായിക്കും. വ്യക്തിവിവരങ്ങൾ തെളിയിക്കുന്ന രേഖകൾ സർവേയിൽ സമർപ്പിക്കേണ്ടതില്ല. എന്നാൽ റേഷൻ കാർഡ്, കെട്ടിട നമ്പർ എന്നിവയും സാമൂഹിക ക്ഷേമ പദ്ധതികൾക്ക് ആവശ്യമായ വിവരങ്ങളും നൽകണമെന്ന് നഗരസഭ അറിയിച്ചു.