വർക്കല: നാലരപതിറ്റാണ്ടായി തൃപ്പോരിട്ടക്കാവ് ദേവി ക്ഷേത്രമായിരുന്നു ചെമ്മരുതി പനയറ പറപ്പക്കുളത്തു വീട്ടിൽ ദാമോദരൻ പിള്ളയുടെയും (86) ഭാര്യ സുഭദ്രയുടെയും (78) ജീവിതം. ക്ഷേത്രത്തിലെ കഴക ജോലിയിലൂടെ നിത്യജീവിതം നയിച്ചിരുന്ന ഇവർ ഇന്ന് പ്രതിസന്ധിയുടെ പടവുകളിലാണ്. അറുപത് വയസു കഴിഞ്ഞവർക്ക് ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയതാണ് ഇവരുടെ ജീവിതത്തെ ഇരുട്ടിലാക്കിയത്.
തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിലെ കഴക ജോലി 45 വർഷമായി ദാമോദരൻപിള്ളയും സുഭദ്രയുമാണ് ചെയ്യുന്നത്. അതിന് മുമ്പ് ദാമോദരൻപിള്ളയുടെ അമ്മാവനായിരുന്നു ചുമതല. വെളുപ്പിന് 4.30 ന് ക്ഷേത്രത്തിലെത്തും. പൂക്കൾ ശേഖരിച്ച് മാല കെട്ടൽ, ശംഖ് വിളിക്കൽ, നിവേദ്യ ചോറുണ്ടാക്കുന്നതിന് മേൽശാന്തിയെ സഹായിക്കൽ, പൂജാപാത്രങ്ങൾ വൃത്തിയാക്കൽ എന്നിവയായിരുന്നു ജോലി. അത്താഴപൂജ കഴിഞ്ഞ് പ്രധാന ഗേറ്റും പൂട്ടി പടിയിറങ്ങുമ്പോഴാണ് ഒരു ദിവസത്തെ ചുമതലകൾ അവസാനിക്കുന്നത്. ഭക്തരുടെ ദക്ഷിണയിൽ നിന്നാണ് ശമ്പളം നൽകിയിരുന്നത്.
ഭരണസമിതികൾ പലത് വന്നെങ്കിലും ദാമോദരൻപിള്ളയുടെയും സുഭദ്രാമ്മയുടെയും ചുമതലകളിൽ മാറ്റമുണ്ടായില്ല. പുതിയ ഭരണസമിതി വന്നപ്പോൾ ദിവസേന ചെറിയൊരു പ്രതിഫലം ഇവർക്ക് നൽകിയിരുന്നു. പക്ഷേ കൊവിഡിന്റെ മിന്നലാട്ടത്തിൽ എല്ലാം നിലച്ചു.
ദാമോദരൻപിള്ള മികച്ച കർഷകൻ
മികച്ച കർഷകൻ കൂടിയാണ് ദാമോദരൻപിള്ള. രാവിലെ പതിനൊന്ന് മണി മുതൽ വൈകിട്ട് നാലു വരെ കാർഷികവൃത്തിക്കായി മാറ്റിവയ്ക്കും. ഇതിലൂടെയാണ് ജീവിതം കരുപിടിപ്പിച്ചിരുന്നത്. ഈ ദിനചര്യ കാരണം രണ്ടു പേർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളുമില്ല. ഇവരുടെ മൂന്ന് പെൺമക്കളുടെയും വിവാഹം കഴിഞ്ഞു. ഇളയ മകൾ ശ്രീകലയ്ക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. വരുമാനം നിലച്ചതിന്റെയും വീടിന്റെ ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങിയതിന്റെയും മനോവിഷമത്തിലാണ് ഇരുവരും.