ചിറയിൻകീഴ്: ചിറയിൻകീഴ് പഞ്ചായത്തിലെ 1,2,3 വാർഡുകളൊഴിച്ച് ബാക്കിയുള്ള വാർഡുകളും കടയ്ക്കാവൂർ പഞ്ചായത്തിലെ ഒൻപതാം വാർഡും കണ്ടെയിൻമെന്റ് സോണാക്കണമെന്ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു. രണ്ടു ദിവസത്തിനുള്ളിൽ 100 കിടക്കകൾ ഉള്ള കൊവിഡ് ചികിത്സാ കേന്ദ്രങ്ങളും അണു നശീകരണത്തിനുള്ള സംവിധാനവും ഓരോ പഞ്ചായത്തിലും കണ്ടെത്തണം. ഒന്നിടവിട്ട ദിവസങ്ങളിൽ പഞ്ചായത്ത് തല കമ്മിറ്റികൾ ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തണം.
പൊലീസ്, ആരോഗ്യ പ്രവർത്തകർ, പൊതുപ്രവർത്തകർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉപകരണങ്ങളും പാലിയേറ്റീവ് രോഗികൾക്കും വൃദ്ധർക്കും നിർദ്ധനർക്കും ജനകീയ ഹോട്ടൽ വഴി ആഹാരമെത്തിക്കാനും പഞ്ചായത്തുകളോട് നിർദ്ദേശിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, പഞ്ചായത്ത് പ്രസിഡന്റുമാരായ എ. അൻസാർ, എസ്. ഡീന, വിജയകുമാരി, ക്രിസ്റ്റി സൈമൺ, തഹസിൽദാർ ആർ. മനോജ്, അഞ്ചുതെങ്ങ് പൊലീസ് ഇൻസ്പെക്ടർ ചന്ദ്രദാസ്, ചിറയിൻകീഴ് ഇൻസ്പെക്ടർ രാഹുൽ, ഡോ. ഡി.എസ്. ഷബ്ന, ഡോ. ഷ്യാംജി വോയ്സ്, ഡോ. സരിത, ഡോ. ഭാഗ്യലക്ഷ്മി, ഡോ. ദീപാ രവി, ഡോ. വീണ, ആർ.കെ. ബാബു, പഞ്ചായത്ത് സെക്രട്ടറിമാർ ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും ബി.ഡി.ഒ ലെനിൻ നന്ദിയും പറഞ്ഞു.