general

ബാലരാമപുരം: കനാലിന് സമീപം അപകടാവസ്ഥയിലായ വീട്ടിൽ ഭയത്തോടെ ഒരു കുടുംബം. പള്ളിച്ചൽ പഞ്ചായത്തിലെ മൈങ്കല്ലിയൂരിൽ സുരേഷ് കുമാറിന്റെ പ്ലാങ്കാല വീടാണ് അപകടഭീഷണിയിലായത്. സുരേഷ് കുമാറും ഭാര്യയും രണ്ട് മക്കളും ഭാര്യാമാതാവുമടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നത്. വീടിന്റെ അവസ്ഥയെക്കുറിച്ച് ജനപ്രതിനിധികളെ അറിയിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്നാണ് പരാതി. ഒന്നര മാസം മുമ്പ് മഴയത്ത് കനാലിന്റെ ഭിത്തി തകർന്നതോടെയാണ് ഇവർ ദുരിതത്തിലായത്. കനാലിലെ കരിങ്കൽകെട്ട് തകർന്നതോടെ പാർശ്വഭിത്തിയും ഇടിയാൻ തുടങ്ങി. വീട്ടുകാർ പ്ലാസ്റ്റിക് കവറുകൾ മൂടി നീരൊഴുക്ക് തടഞ്ഞതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ഐ.ബി. സതീഷ് എം.എൽ.എ,​ നേമം ബ്ലോക്ക് മെമ്പർ എസ്. വീരേന്ദ്രകുമാർ,​ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. കനാലിൽ സൈഡ് വാൾ കെട്ടാമെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. ശക്തമായ കാറ്റും മഴയുമുണ്ടായാൽ കനാൽഭിത്തി ഇടിഞ്ഞ് വീട് നിലംപൊത്തുമെന്ന അവസ്ഥയാണ്. വീടിനും കനാലിനുമിടയിൽ സംരക്ഷണഭിത്തി നിർമ്മിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.