തൊളിക്കുഴി: കൊവിഡിനൊപ്പം ഭീഷണിയായി മറ്ര് പകർച്ചവ്യാധികളും വിരുന്നു വരുമ്പോൾ വില്ലനായി ഒരു പൊതുമാർക്കറ്റ്. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള തൊളിക്കുഴി പബ്ലിക് മാർക്കറ്റാണ് രോഗവാഹിയാകുന്നത്. മാസങ്ങളായി നീക്കം ചെയ്യാത്ത മാലിന്യമാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ഇവ ചീഞ്ഞഴുകിയുണ്ടാകുന്ന ദുർഗന്ധം കാരണം മൂക്കുപൊത്താതെ മാർക്കറ്രിനുള്ളിൽ നിൽക്കാനാകില്ല. മാർക്കറ്റിലേതു കൂടാതെ സമീപ്രദേശത്തെ കടകളിലുള്ള മാലിന്യവും ഇവിടെ നിറയുകയാണെന്നാണ് ജനങ്ങൾ പറയുന്നത്.
മുൻപ് ഉണ്ടായിരുന്ന കമ്പോസ്റ്റ് കുഴി മൂടിയതും പ്രതിസന്ധി രൂക്ഷമാക്കുന്നു. മാർക്കറ്രിലെ മാലിന്യം നിറഞ്ഞ വെള്ളം ഒഴുക്കിവിടുന്നതിനും സൗകര്യമില്ല. പഞ്ചായത്തിൽ ശുചീകരണ തൊഴിലാളികൾ ഉണ്ടെങ്കിലും അവരും തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വ്യാപാരികളും ഈച്ചയുടെയും കൊതുകിന്റെയും ശല്യംകാരണം പൊറുതിമുട്ടിയിരിക്കുകയാണ്. കോൺക്രീറ്റ് ചെയ്യാത്ത ചന്തയിൽ മഴക്കാലത്ത് രൂപപ്പെടുന്ന ചെളിക്കെട്ടും ദുരിതം ഇരട്ടിയാക്കുന്നു. മാലിന്യത്തിൽ നിന്ന് ആഹാരം തേടിയെത്തുന്ന തെരുവുനായ്ക്കളും മറ്റൊരു ഭീഷണിയാണ്.
ശൗചാലയവും നോക്കുകുത്തി
മാർക്കറ്റിനുള്ളിൽ ലക്ഷങ്ങൾമുടക്കി നിർമ്മിച്ച ശൗചാലയും നോക്കുകുത്തിക്ക് സമാനമാണ്. ഇത് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിന് അധികൃതർ തയ്യാറായിട്ടില്ല. വാട്ടർ ടാങ്കും പൈപ്പും സ്ഥാപിച്ചെങ്കിലും കുടിവെള്ള കണക്ഷനുള്ള നടപടിയും ഉണ്ടായില്ല. നിരവധിയാളുകളാണ് ദിവസവും ചന്തയിലെത്തുന്നത്. ഇവർ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കുന്നതാകട്ടെ പൊതു സ്ഥലത്താണ്. പബ്ളിക് കഫർട്ട് സ്റ്റേഷനുകൾ ഇല്ലാത്തതിനാൽ മറ്ര് സ്ഥലങ്ങളിലെത്തുന്നവരും ചന്തയെയാണ് ഇത്തരം കാര്യങ്ങൾക്ക് ആശ്രയിക്കുന്നത്. ഇതും ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
മാലിന്യം യഥാസമയം സംസ്കരിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണം. ചന്തയുടെ ഉൾവശം കോൺക്രീറ്റ് ചെയ്യണം. ശൗചാലയത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണം.
(ഷെമീം, കോൺഗ്രസ് കിളിമാനൂർ ബ്ലോക്ക് ട്രഷറർ)
മാലിന്യം നിർമാർജനം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കും.
ശൗചാലയത്തിൽ വാട്ടർ കണക്ഷൻ ലഭ്യമാക്കി തുറന്ന് പ്രവർത്തിപ്പിക്കും.
(കെ. രാജേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്).
മാലിന്യം നീക്കിയിട്ട് മാസങ്ങൾ
ശൗചാലയവും പ്രവർത്തിക്കുന്നില്ല
പ്രാഥമിക കൃത്യങ്ങൾ പൊതുസ്ഥലത്ത്
ചന്തയിൽ അസഹ്യമായ ദുർഗന്ധം
ഈച്ചയും കൊതുകും പെരുകുന്നു
തെരുവ് നായ്ക്കളും ഭീഷണി