pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 1800 കടന്നു. ഇന്നലെ 146 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ കൊവിഡ് ബാധിച്ച് 3 പേർ കൂടി മരിച്ചു. തക്കല പറക്കോട് കോവിൽവിള സ്വദേശി (78),വടശ്ശേരി സോഴരാജ തെരുവ് സ്വദേശി (68),നാഗർകോവിൽ സ്വദേശിനി (48) എന്നിവരാണ് മരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഭൂരിഭാഗം പേർക്കും രോഗബാധയേറ്റത്. ഇവയുടെ ഉറവിടങ്ങൾ കണ്ടെത്താൻ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല. നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി 1200 പേർ ചികിത്സയിലുണ്ട്. ഇതുവരെ രോഗമുക്തി നേടിയവർ 750. നിദ്രവിള പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന എസ്.ഐക്കും 45 വയസുള്ള വനിതാ കോൺസ്റ്റബിളിനും 40 വയസുകാരനായ കോൺസ്റ്റബിളിനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. കൊല്ലങ്കോട് സ്റ്റേഷനിൽ ജോലി ചെയ്യുന്ന എ.എസ്.ഐക്കും രോഗം സ്ഥിരീകരിച്ചതോടെ പൊലീസ് സ്റ്റേഷൻ അടച്ചു. തൃപ്പരപ്പ്,കുഴിത്തുറ,അരുമന എന്നിവിടങ്ങളിലും പുതിയ രോഗികളുണ്ട്. ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. ജില്ലാഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയാണ്.