kt-jaleel

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റ് ആവശ്യപ്പെട്ട് മന്ത്രി കെ.ടി. ജലീൽ നേരിട്ട് വിളിച്ചത് കേന്ദ്ര വിദേശമന്ത്രാലയം ഇറക്കിയ പ്രോട്ടോകോളിന്റെ ലംഘനമാണെന്ന് ആക്ഷേപമുയരുന്നു.

മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മറ്റ് രാജ്യങ്ങളുടെ എംബസികൾ, കോൺസുലേറ്റുകൾ, അവിടത്തെ ജീവനക്കാർ എന്നിവരുമായി എങ്ങനെ ഇടപെടണമെന്ന് പ്രോട്ടോകോൾ ഹാൻഡ്ബുക്കിലുണ്ട്. താൽക്കാലിക വിഷയങ്ങൾക്കപ്പുറം സംസ്ഥാന സർക്കാർ അധികൃതരുമായി വിദേശരാജ്യ കാര്യാലയങ്ങൾ ബന്ധം സ്ഥാപിക്കരുതെന്നാണ് ഹാൻഡ്ബുക്കിന്റെ 18ാം അദ്ധ്യായത്തിൽ പറയുന്നത്. സാമ്പത്തികസഹായങ്ങൾ ഫോറിൻ കറൻസി റഗുലേഷൻ ആക്ടിന് വിധേയമായിരിക്കണമെന്നും ഇതിന് കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്നും അടുത്ത അദ്ധ്യായത്തിൽ പറയുന്നു. സംസ്ഥാന മന്ത്രിമാർ പദവിയുടെ അന്തസ് പാലിക്കേണ്ടതിനാൽ ഇത്തരം കാര്യങ്ങൾക്ക് സർക്കാരിന്റെ പ്രോട്ടോകോൾ വിഭാഗം വഴിയാണ് വിദേശരാജ്യങ്ങളുടെ കാര്യാലയങ്ങളുമായി ബന്ധപ്പെടേണ്ടത്. വ്യക്തിപരമായി വിളിച്ച് സാധനങ്ങൾ ആവശ്യപ്പെടുന്നത് ശരിയായ കീഴ്‌വഴക്കമല്ല.

എന്നാൽ, യു.എ.ഇ കോൺസുലേറ്റിന്റെ ചെലവിൽ 1000 കിറ്റുകൾ കൺസ്യൂമർഫെഡിൽ നിന്ന് സംഘടിപ്പിച്ച് രണ്ട് പഞ്ചായത്തുകളിൽ വിതരണം ചെയ്തെന്നും അതിനാണ് കോൺസുലേറ്റ് ജനറലിന്റെ നിർദ്ദേശപ്രകാരം സ്വപ്ന സുരേഷിനെ താൻ വിളിച്ചതെന്നുമാണ് മന്ത്രി ജലീൽ കഴിഞ്ഞ ദിവസം പറഞ്ഞത്.