sivasankar

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഐ.ടി സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് എം. ശിവശങ്കറിനെ നീക്കിയത് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തില്ല. സിവിൽ സർവീസ് ഉദ്യോഗസ്ഥതല മാറ്റങ്ങൾ അടിയന്തരസാഹചര്യത്തിൽ വേണ്ടി വന്നാലും മന്ത്രിസഭയിലവതരിപ്പിച്ച് അംഗീകാരം നേടുന്ന കീഴ്‌വഴക്കമുണ്ട്. എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ വിഷയം മനഃപൂർവം മുഖ്യമന്ത്രി അവതരിപ്പിക്കാതെ വിടുകയായിരുന്നെന്നാണ് സൂചന. ഇതിൽ മന്ത്രിമാരിൽ ചിലർക്ക് അതൃപ്തിയുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട നിസാരകാര്യങ്ങൾ പോലും മന്ത്രിസഭായോഗത്തിൽ വരാറുള്ളതാണ്.

രാവിലെ 10ന് ചേർന്ന മന്ത്രിസഭാ യോഗം ഒന്നേകാൽ മണിക്കൂറോളം നീണ്ടു. ഭൂരിഭാഗം സമയവും അപഹരിച്ചത് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ചർച്ചയാണ്. ശിവശങ്കറിന് പകരം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മിർ മുഹമ്മദിനെ നിയമിച്ചതും മുഹമ്മദ് വൈ. സഫിറുള്ളയെ ഐ.ടി സെക്രട്ടറിയാക്കിയതും റിപ്പോർട്ട് ചെയ്തില്ല.

നടപടി പ്രതീക്ഷിച്ച് ഘടകകക്ഷികൾ

ശിവശങ്കറിനെ കഴിഞ്ഞ ദിവസം 9 മണിക്കൂറിലേറെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. അദ്ദേഹത്തിന് മേൽ കുരുക്ക് മുറുകുന്ന സാഹചര്യത്തിൽ സസ്‌പെൻഷൻ അടക്കമുള്ള നടപടികൾക്ക് മുഖ്യമന്ത്രി രണ്ട് ദിവസത്തിനകം തയ്യാറാകുമെന്ന് എൽ.ഡി.എഫ് ഘടകകക്ഷികൾ പ്രതീക്ഷിക്കുന്നുണ്ട്. നടപടി വൈകിയാൽ സി.പി.ഐ മന്ത്രിമാർ മുഖ്യമന്ത്രിയെ കണ്ട് അതൃപ്തി അറിയിച്ചേക്കും. സി.പി.ഐ പാർട്ടിയെന്ന നിലയിലും പരസ്യനിലപാടിലേക്ക് നീങ്ങിയേക്കാം. പാർട്ടിയിൽ നിന്ന് പ്രത്യേക നിർദ്ദേശമൊന്നുമില്ലാത്തതിനാൽ ഇന്നലെ സി.പി.ഐ മന്ത്രിമാരും മന്ത്രിസഭായോഗത്തിൽ വിഷയത്തിൽ അഭിപ്രായപ്രകടനമൊന്നും നടത്തിയില്ല.