കൊച്ചി: തീരദേശ ജില്ലകളിൽ കോവിഡ് 19 വ്യാപനം തുടരുന്നതിനാൽ മത്സ്യബന്ധനവും മത്സ്യവിപണനവും നിറുത്തി വച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് ഒരു മാസത്തെ സൗജന്യറേഷനും പലവ്യഞ്ജന കിറ്റും നൽകണമെന്ന് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ, നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്റർ എന്നിവർ ആവശ്യപ്പെട്ടു. തീരദേശ മേഖലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിലയിൽ സജ്ജമാക്കണം. ആരോഗ്യപ്രവർത്തകരെയും നിയമിക്കണം. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസ് അധികൃതരുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പാക്കേജ് ഈ മേഖലയ്ക്കായി പ്രഖ്യാപിക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു.