kt-jaleel

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലും പേഴ്സണൽ സ്റ്റാഫംഗം എം. നാസറും സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയുമായും സരിത്തുമായും ഫോണിൽ സംസാരിച്ചതിനെക്കുറിച്ച് കസ്റ്റംസും എൻ.ഐ.എയും പരിശോധിക്കും. മലപ്പുറത്ത് റംസാൻ സഹായം വിതരണത്തിനായി കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരമാണ് സ്വപ്നയെ വിളിച്ചതെന്നാണ് ജലീലിന്റെ വിശദീകരണം. ഇതിനുള്ള തെളിവുകളും ജലീൽ പുറത്തുവിട്ടു. എന്നാൽ പേഴ്സണൽ സ്റ്റാഫിന്റെ വിളികൾ എന്തിനാണെന്ന് അറിയില്ലെന്നും അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

വിമാനത്താവളത്തിൽ സ്വർണം കസ്റ്റംസ് തടഞ്ഞുവച്ച ശേഷം ജൂലായ് മൂന്നിനും സരിത്തിനെ നാസർ വിളിച്ചതാണ് സംശയകരം. ഇയാൾ മുൻപ് കരിപ്പൂർ വിമാനത്താവളത്തിലെ കാർഗോ കമ്പനിയിൽ എക്സിക്യുട്ടീവായിരുന്നെന്ന വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. നാസറുമായുള്ള ബന്ധത്തെക്കുറിച്ച് ഇന്നലെയും സരിത്തിൽ നിന്ന് ചോദിച്ചറിഞ്ഞു.

സരിത്തിനെ കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയത് അറിഞ്ഞിരുന്നില്ലെന്നും അവിടേക്കുള്ള കവർ കൈമാറാനാണ് കഴിഞ്ഞ മൂന്നിന് വിളിച്ചതെന്നുമാണ് നാസറിന്റെ വിശദീകരണം. സ്വപ്‌നയെ വിളിച്ചത് റംസാൻ കിറ്റിന്റെ ബിൽ ശരിയാക്കാനായിരുന്നു. സ്വപ്ന ഓഫീസിൽ വരാറുണ്ടായിരുന്നെന്നും പല പരിപാടികളിലും കണ്ടിട്ടുണ്ടെന്നുമാണ് വിശദീകരണം. ഇതും കസ്റ്റംസ് പരിശോധിക്കും.