റാന്നി: ചേത്തക്കൽ റിസർവ് വനഭൂമിയിൽ നിന്ന് മരങ്ങൾ വെട്ടിക്കടത്തിയതിനും റവന്യു പുറമ്പോക്കെന്ന വ്യാജേന പാറ ഖനനത്തിന് അനുമതി നൽകിയതിനും വനംവകുപ്പ് മുൻ റാന്നി റേഞ്ച് ഒാഫീസർ ആർ.അധീഷ്, ഡെപ്യൂട്ടി റേഞ്ച് ഒാഫീസർ ടി. ലിതേഷ്, കരികുളം ഡെപ്യൂട്ടി റേഞ്ച് ഒാഫീസർ പി.ജി.ബാലമുരളി എന്നിവരെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.കെ. കേശവൻ സസ്പെന്റ് ചെയ്തു. കോട്ടയം ഫോറസ്റ്റ് കൺസർവേറ്റർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.
ചേത്തക്കൽ റിസർവ് വനത്തിന്റെ ഭാഗമായ 4.344 ഹെക്ടർ സ്ഥലത്തുനിന്ന് അനധികൃതമായി മരംമുറിച്ചതിലും പാറ ഖനനത്തിന് അനുമതി നൽകിയതിലും സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. കഴിഞ്ഞ വർഷം നവംബർ മുതൽ ഇൗ വർഷം ഫെബ്രുവരി വരയാണ് മരം മുറിക്കൽ നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.